Saturday, 5 January 2013

എന്തേയിങ്ങനെ?


എന്തേയിങ്ങനെ ?


‘വാതിലൊക്കെ ശരിക്കും അടച്ചില്ലേ? എന്തോ ഒരു ശബ്ധം കേട്ടതുപോലെ’.
അവളമ്പരപ്പോടെ അയാളോട് ചോദിച്ചു.

 ‘നീ തന്നെയല്ലേ അടച്ചത്, പിന്നെ ഇപ്പോളൊരു സംശയം’ ? അയാള്‍ പുതപ്പിനുള്ളിലേക്കു വലിഞ്ഞു.

അവളെഴുന്നേറ്റു നേരെ സ്വീകരണമുറിയിലെ വാതിലിന്നരികിലെത്തി; ആ വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു. ശരിക്കും പൂട്ടിയതിനുശേഷം നേരെ തെക്കേ വാതിലിന്നരികിലെത്തി. ആ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭയപ്പാടോടെ ചുറ്റിലും നോക്കി, പിന്നെ ധൃതിയില്‍ വാതിലടച്ചു പൂട്ടി. നേരെ അടുക്കളവാതിലിന്നരികിലേക്കോടി.

‘നീയെവിടെക്കാ ഓടുന്നത്?’ അയാളും കിടക്കയില്‍ നിന്നെഴുന്നേറ്റ് അവളെ പിന്തുടരുന്നുണ്ടായിരുന്നു.

 ‘രവിയേട്ടാ, ഒരുവാതില്‍ പോലും ശരിക്കടച്ചീട്ടില്ല , ഇന്നെന്താ ഇങ്ങനെയൊക്കെ?’ അവളാശങ്കയോടെ അയാളെ നോക്കി.

കുറേ വാതിലുകള്‍ അവള്‍ക്കുമുമ്പില്‍ നിരനിരയായി തുറന്നുകിടക്കുന്നതവള്‍ കണ്ടു. ഇപ്പോള്‍ അയാളിലും നേരിയ ഭയം തലപൊക്കിയെന്നവള്‍ക്ക് തോന്നി. അവരോരോന്നായി അടക്കാന്‍ തുടങ്ങി.അവള്‍ മുകളിലേക്കോടി നേരെ ബാല്‍കണിയിലെ വാതിലിന്നരികിലെത്തി. പെട്ടെന്നവള്‍ ഞെട്ടി പുറകോട്ടു മാറി. ആരോ ടെറസ്സില്‍ നിന്നും അവളുടെ അടുത്തേക്ക് നടന്നു വരുന്നു. അവള്‍ ഒരലര്‍ച്ചയോടെ തിരിഞ്ഞോടി മകളുടെ മുറിയിലെത്തി. അവളവിടെയില്ലായിരുന്നു. അടുത്തമുറിയിലേയ്ക്കോടി, അവിടെ മോനെയും കണ്ടില്ല. അവള്‍ താഴേക്കിറങ്ങി ഓടി.

 ‘സുമേ, നീയെങ്ങോട്ടാണീയോടുന്നത്?’ രവിയുടെ ചോദ്യമൊന്നും അവള്‍ കേട്ടില്ല.

അവള്‍ വീടാകെ അരിച്ചുപെറുക്കി. മക്കളെ  അവിടെയെങ്ങും കണ്ടില്ല.  പുറത്തെ  കൂറ്റാകൂറ്റിരുട്ടിലേയ്ക്കിറങ്ങിയോടി അവള്‍, "എന്റെ മക്കളേ" എന്നുറക്കെനിലവിളിച്ചുകൊണ്ട്.ആരൊക്കെയോ അവളെ   പിന്തുടരുന്നുണ്ടായിരുന്നു.

‘ഈശ്വരാ എന്റെ മക്കളെവിടെ? അവര്‍ക്കെന്തു പറ്റി?’ അവളലറി.
മുഖത്ത് വെള്ളം വീണപ്പോള്‍ അവള്‍ ഉറക്കത്തില്‍നിന്നുംപെട്ടെന്ന് ഞെട്ടിയുണര്‍ന്നു.

‘മക്കളെവിടെ? നമ്മുടെ മക്കളെവിടെ രവിയേട്ടാ?’അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
അവളുടെ വിളറിയ മുഖം കണ്ടമ്പരന്ന രവി അവളെ തന്നെ പകച്ചു നോക്കുന്നുണ്ടായിരുന്നു.

‘നീ എന്തെങ്കിലും ദു:സ്വപ്നം കണ്ടോ? എന്തൊരലര്‍ച്ചയായിരുന്നു’. രവിയുടെ ചോദ്യത്തിന് മറുപടി  പറയാനാകാതെ  വല്ലാത്തൊരു തളര്‍ച്ചയില്‍ സുമ അവിടെതന്നെ കിടന്നു. രവി അവളെ താങ്ങി എഴുനേല്‍പ്പിച്ചു. അയാളുടെ കയ്യില്‍നിന്നും വെള്ളം വാങ്ങി വായിലേയ്ക്കൊഴിക്കുമ്പോള്‍  അവളുടെ കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു വെള്ളം തൊണ്ടയില്‍ നിന്നും താഴോട്ടിറങ്ങാതെ വായിലൂടെ നീര്‍ചാലുകളായി പുറത്തേക്കൊഴുകി. പിന്നീട് അമ്മ കൊണ്ടുവന്ന ചൂടുവെള്ളം കുറേശ്ശെ കീഴ്‌പ്പോട്ടിറക്കുമ്പോഴും താന്‍ കണ്ടത് സ്വപ്നമായിരുന്നെന്നവള്‍ക്ക് വിശ്വസിക്കാനായില്ല. വര്‍ണ്ണച്ചിറകുകളുള്ള സ്വപ്നങ്ങള്‍ ഈയിടെയായി അവ്യക്തവും ഭയാനകവുമായ സ്വപ്നങ്ങള്‍ക്ക് വഴിമാറുന്നതൊരു നടുക്കത്തോടെ അവളോര്‍ത്തു.

 ‘ആവശ്യമില്ലാതെ ഓരോന്നാലോചിച്ച് വെറുതെ തല പുണ്ണാക്കും; നീയിനി കൂടുതല്‍ ഒന്നും ആലോചിക്കാതെ കിടന്നുറങ്ങ്’. രവി പറയുന്നതൊന്നും സുമ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

രാവേറെയായിട്ടും അവളുറങ്ങിയില്ല. എന്തോ ഒരുള്‍ഭയംഅവളെ വല്ലാതെ തളര്‍ത്തി. നാളെ തന്നെ എങ്ങനെയെങ്കിലും മക്കളെ കാണണം. നേരം വെളുക്കാനായി അവള്‍ കാത്തിരുന്നു. വെളുക്കാറായപ്പോള്‍ അടുക്കളയില്‍ ചെന്ന് ഒരു ചായയുണ്ടാക്കാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ക്ക് തല ചുറ്റുന്നുണ്ടായിരുന്നു. കുറച്ചുനേരം അവിടെത്തന്നെ കസേരയിലിരുന്നു മേശയിലേക്ക് തല ചായിച്ചുകിടന്നു.

അമ്മ തട്ടിവിളിച്ചപ്പോഴാണ് കുറച്ചുനേരം അങ്ങനെയിരുന്നു മയങ്ങിപ്പോയി എന്നു മനസ്സിലായത്. ചൂടുചായ കുറച്ചു കുടിച്ചപ്പോള്‍ അല്പം ആശ്വാസമായി. തലേന്നു രാ ത്രിയില്‍കണ്ട ദു:സ്വപ്നംവീണ്ടും അവളെ വേട്ടയാടാന്‍ തുടങ്ങി. കുട്ടികളെ കാണാന്‍!പോകുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ രവിയേട്ടന്‍വിലക്കി. ‘ ഒരാഴ്ച കഴിഞ്ഞാല്‍ വെക്കേഷനായി; അവരിങ്ങെത്തുകയല്ലേ; പരീക്ഷയുടെയിടയില്‍വെറുതെ അവരെ ഉപദ്രവിക്കണ്ട.’

ഇയിടെയായി കേള്‍ക്കുന്നതും വായിക്കുന്നതുമായ വാര്‍ത്തകളെല്ലാം സുമയെ വല്ലാതെ അലട്ടിയിരുന്നു. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് നാട്ടിലെ മാറിയ സാഹചര്യങ്ങള്‍ വല്ലാത്തൊരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.  എത്രയോ കുഞ്ഞുങ്ങളെ കാണാതാകുന്നു. എത്രയെത്ര കുഞ്ഞുങ്ങളാണ് പേപ്പട്ടികളായി മാറിയ മനുഷ്യരിലൂടെ പിച്ചി ചീന്തപ്പെടുന്നത്  ആകെക്കൂടി ഭീതികലര്‍ന്ന അന്തരീക്ഷം. രണ്ടു ദിവസം മുമ്പ് ദൂരെ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന മോളുമായി ഫോണില്‍ സംസാരിച്ചപ്പോളിതെല്ലാം സൂചിപ്പിച്ചു.അവളതൊക്കെ കേള്‍ക്കുമ്പോള്‍ എന്നെ തിരിച്ചുപദേശിക്കും.
’അമ്മേ, ഇങ്ങനെ നമ്മളെപ്പോളും പേടിച്ചിരുന്നാല്‍ എന്ത് ചെയ്യും? ഇതൊക്കെയോര്‍ത്ത് ആരും എങ്ങും പോകുന്നില്ലേ? ക്ലാസ്സ് കഴിഞ്ഞാല്‍ ഞാന്‍ മിക്കവാറും റൂംമേറ്റ്‌സിന്‍റെ കൂടെ കോളേജ് ലൈബ്രറിയില്‍ പോകാറുണ്ട്. ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോകാറുണ്ട്. എനിക്ക് വേണ്ടത് ഞാന്‍ തന്നെ ചെയ്യണ്ടേ? പിന്നെ ഞാനിപ്പോള്‍ പത്തൊമ്പതു വയസ്സായ പെണ്‍കുട്ടിയാണ്. കാര്യങ്ങള്‍ ഏറെക്കുറെ എനിക്കും അറിയാവുന്നതല്ലേ"

’അവളങ്ങനെയാണ്. ഈ വക കാര്യങ്ങളൊന്നും കൂടുതലായി അങ്ങോട്ട് പറയാന്‍ സമ്മതിക്കില്ല. അപ്പോളൊക്കെ അവളെന്റെ അമ്മച്ചിയാകും. രവിയേട്ടന്‍ കേട്ടാല്‍ പറയും,

’ കുട്ടികളുടെ ഉള്ള കോണ്‍ഫിടന്‍സ് കൂടി നീയില്ലാതാക്കും. അധികം ഉപദേശം നന്നല്ല.’
 അവര്‍ക്കാര്‍ക്കും  അറിയില്ലല്ലോ എന്റെ നെഞ്ചിലെ തീ. മോനാണെങ്കില്‍ ഫോണിലൂടെയുള്ള സംസാരം അധികമില്ല; പരീക്ഷ അടുത്തുവരികയാണ്. ധാരാളം പഠിക്കാനുണ്ട്; അതിന്റെ ടെന്ഷനവനുമുണ്ട്.

രാവിലെ അമ്പലത്തില്‍ പോയി കുറേനേരം പ്രാര്‍ഥിച്ചു. ഈശ്വരന്‍ തന്നെ അവര്‍ക്ക് തുണ. വീണ്ടും നേരമിരുട്ടാകുമ്പോഴേക്കും പതുക്കെ പതുക്കെ മനസ്സ് അസ്വസ്ഥമാകും. പിന്നെ വേണ്ടാത്ത ചിന്തകള്‍ വന്നെത്തും. ഈയിടെയായി എനിക്ക്ഊണും ഉറക്കവുമില്ലാതെയായിട്ടുണ്ടെന്നു അമ്മ കുറ്റപ്പെടുത്തും. അമ്മയും അസ്വസ്ഥയാണെന്നെനിക്കറിയാം.രവിയെട്ടന്റേയും അവസ്ഥ മറിച്ചല്ല; പക്ഷെ പുറമേ കാണിക്കില്ല.

എത്രയോ മാതാപിതാക്കളിങ്ങനെ മക്കളെയോര്‍ത്ത് വ്യാകുലരാകുന്നുണ്ടാകും ഈ ലോകമെന്തേയിങ്ങനെ?


5 comments:

  1. അമ്മ മനസ്സ് എപ്പോഴും ഇങ്ങിനെ വെറുതെ കലഹിച്ചു കൊണ്ടിരിക്കും .അത് വലിയ ഒരു ആദി തന്നെയാണ് ,ചെറുപ്പത്തില്‍ വലുതാവാന്‍ വലുതായാല്‍ ഇതു പോലെയുള്ളതും ,നന്നായി പറഞ്ഞു ഒരു മാതാവിന്‍റെ വേതനകള്‍ ...

    ReplyDelete
    Replies
    1. നന്ദി ശാഹിദ. സ്വപ്നം ഞാന്‍ കണ്ടതായിരുന്നു. പിറ്റേ ദിവസമാണിത് എഴുതിയത്. പലപ്പോഴും നമ്മുടെ മനസ്സില്‍ തട്ടിയ കാര്യങ്ങളാണല്ലോ കഥയും കവിതയുമൊക്കെയായി ബഹിര്‍ഗമിക്കുന്നത്

      Delete
  2. :( ഈ ലോകമെന്തേ ഇങ്ങനെ???

    ReplyDelete
  3. അനുഭവത്തിലൂടെയാണ് നല്ല എഴുത്തുകള്‍ പിറവി കൊള്ളുന്നത്‌. ഒരമ്മയുടെ മനോ നില വളരെ മനോഹരമായി വരച്ചു ചേര്‍ത്തിരിക്കുന്നു.... ആശംസകള്‍...

    ReplyDelete
  4. സാധാരണ സ്വപ്നം കണ്ടാല്‍ നേരം വെളുക്കുമ്പോഴേക്കും കുറെയേറെ മറന്നീട്ടുണ്ടാകും. പക്ഷെ അന്ന് രാത്രി കണ്ട സ്വപ്നം ഇന്നും നല്ല ഓര്‍മയുണ്ട്; മങ്ങാതെ മായാതെ അതവിടെതന്നെയുണ്ട്‌

    ReplyDelete