Wednesday, 13 August 2014

ഇരകള്‍

           ഇരകള്‍

രാവിലെ മുതല്‍ വല്ലാത്തൊരു വിഷമം. ഇവിടെ വന്നീട്ടൊരു പാട് വര്‍ഷങ്ങളായി. ഞായറാഴ്ചകള്‍ മനുഷ്യന് വട്ട് പിടിക്കും. ഓഫീസില്‍ പോകാനുള്ള പങ്കപ്പാടിനിടായിലായിരിക്കും നാട്ടിലേക്ക് പതുക്കെ മനസ്സെത്തുക. മിക്ക ഞായറും നാട്ടില്‍ ആള്‍ക്കാര്‍ക്ക് ഭയങ്കര തിരക്കാണ്. അന്നായിരിക്കും, വിവാഹം, പാലുകാച്ചല്‍, ടൂര്‍, മറ്റു വിരുന്ന് അങ്ങനെയങ്ങനെ. ഇവിടെ രാവിലെ breadലൊരു Cholesterol ഫ്രീ butterഉം തേച്ച്പിടിച്ച് നെട്ടോട്ടം ഓടുമ്പോളായിരിക്കും നാട്ടില്‍ നിന്നുള്ള ഓരോ Whatsapp message with photos.

പക്ഷെ ഇന്ന് ഞാനതും കാത്തിരിക്കുകയായിരുന്നു. എന്റെ സഹപ്രവര്‍ത്തകയും പിന്നീട് വളരെ അടുത്ത കൂട്ടുകാരിയായിത്തീര്‍ന്ന ഷഹാനയുടെ മകള്‍ടെ വിവാഹമാണ്. എഞ്ചിനീയറിംഗ്final year ല്‍ തന്നെ നല്ലൊരു സ്ഥാപനത്തില്‍ ജോലി offer വന്നതാണ്. അകലെയായതുകൊണ്ട് വിടാന്‍ തറവാട്ടില്‍ പലര്‍ക്കും മടി. എന്നീട്ടും അവള്‍ നിര്‍ബന്ധം പിടിച്ച് ജോലിക്ക് ചേര്‍ന്നു. അതിനിടയില്‍ CAT ടെസ്റ്റ്‌ വഴി നല്ലൊരു കോളേജില്‍ MBA അഡ്മിഷന്‍. ബാപ്പയുടെ തറവാട്ടില്‍ വരിവരിയായി നില്‍ക്കുന്ന കസിന്‍സിനിടയിലെ അടുത്ത കല്യാണ സ്ഥാനാര്‍ഥി. MBBS, എഞ്ചിനീയറിംഗ് അങ്ങനെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബാപ്പയുടെ സഹോദരീ സഹോദരന്മാരുടെ മക്കള്‍. ഏതായാലും 8 മാസം മുമ്പേ നല്ലൊരു പ്രൊപോസല്‍ വന്നു. MBA കഴിഞ്ഞാലുടന്‍ വിവാഹം. 

അന്നേ തീരുമാനിച്ചു കല്യാണം പോയി കൂടി അടിച്ചു പൊളിക്കണമെന്നൊക്കെ. 

"നീയെത്തിയാല്‍ എനിക്കത് വളരെ സന്തോഷമായിരിക്കും" എന്നവളും.

മാറിവന്ന സാഹചര്യങ്ങളില്‍ അത് പതിവ് പ്രവാസിയുടെ സ്വപ്നമായി മാറുകയായിരുന്നു.പക്ഷെ അതിരാവിലെ തന്നെ Whatsappല്‍ ഫോട്ടോസ് sharing. നല്ല ഫോട്ടോസ്.നാട്ടിലെ ഒരുപാട് ആഘോഷങ്ങള്‍ നമുക്ക് പലപ്പോഴും നഷ്ടമാകാറുണ്ട്. ഇക്ക പറയും ഗള്‍ഫില്‍ വന്നതിന് ശേഷം, വീട്ടിലെ, ഇക്ക കൂടിയ ഏക കല്യാണം ഇക്കയുടെതാണെന്ന്. 

വൈകീട്ട് വീട്ടിലേക്ക് വിളിച്ചു. അവിടെയും ബന്ധുക്കളുടെ വീട്ടില്‍ വേറെ 2 വിവാഹം. ഞായറാഴ്ചകള്‍ tension ആണത്രേ. ഒരേദിവസം ഒന്നിലേറെ ആഘോഷങ്ങള്‍ വന്നാല്‍ ഒരുങ്ങാനും പോകാനും നേരം തികയില്ലത്രേ. Bauty parlour മൊത്തം തിരക്കോട് തിരക്ക്,

കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നൊരു ഫോണ്‍ കാള്‍. വിളിച്ചത് നമ്മുടെ ഒരു ബന്ധു.

കഴിഞ്ഞ വര്ഷം നാട്ടില്‍ ചെന്നപ്പോള്‍, എഞ്ചിനീയറിംഗ് തേര്‍ഡ് year ആയ തന്റെ മകള്‍ക്ക് വിവാഹം നിശ്ചയിച്ചതിനെ കുറിച്ച് വാചാലയാകുന്നുണ്ടായിരുന്നു അവര്‍. “അവള്‍ടെ ചെക്കന്‍ ഗള്‍ഫില്‍ എഞ്ചിനീയര്‍ ആണ്. നല്ല കുടുംബമാണ്. അവള്‍ നല്ല സുന്ദരിയായതിനാല്‍ വിവാഹം പെട്ടെന്ന് ശരിയായി. പെണ്‍കുട്ടികളെയൊക്കെ പഠിപ്പ് കഴിയുന്നതുവരെ കാത്തിരിക്കാതെ വിവാഹവും അതിനിടയില്‍ നടത്തുന്നതാ ബുദ്ധി.”

ബന്ധു തുടര്‍ന്നു. “ അജിത, എന്റെ മോള് ഇപ്പോള്‍ ഞങ്ങളുടെ കൂടെയുണ്ട്. അവള്‍ മൂന്നു മാസം pregnant ആണ്”.

“ആഹാ, അപ്പോള്‍ മബ്രൂക്; ഇനി grandma, grandpa”.   കുട്ടികളെന്ത് പറയുന്നു?"

“രണ്ടാമത്തെ മോള്‍ പ്ലസ്‌ ടു, മോന്‍ 10ല്‍” ഞങ്ങളാകെ വിഷമത്തിലാണ്. വിവാഹം ഉറപ്പിച്ചപ്പോള്‍ ചെക്കന്‍ എഞ്ചിനീയര്‍. ബാപ്പയുടെ business നടത്തുന്നു. ഗള്‍ഫില്.നല്ല കുടുംബക്കാര്‍. എഞ്ചിനീയറിംഗ് complete ആയോ എന്നോ, എന്താണ് ജോലിയെന്നൊ ഒന്നും കൂടുതല്‍ അന്വേഷിച്ചില്ല. ബാപ്പയും മകനും ദോഹയിലാണ്. എഞ്ചിനീയറിംഗ് പഠിത്തം  ശരിയാകാത്തതുകൊണ്ട് രണ്ടാം വര്ഷം തന്നെ അത് നിറുത്തി. വിവാഹം കഴിഞ്ഞ്  ആദ്യനാള്‍ മുതല്‍ തുടങ്ങി അവന്റെ അസുഖം.
പെങ്ങളും ഉമ്മയും നാട്ടിലുണ്ട്. ഗള്‍ഫില്‍ കൊണ്ടുവരാനും തല്‍ക്കാലം സാധിക്കില്ല. ഒരു പ്രസവമൊക്കെയായി വീട്ടില്‍ തല്‍ക്കാലം കൂടാന്‍ പറഞ്ഞുവത്രേ”

അവളൊന്നും ആരെയും അറിയിച്ചിരുന്നില്ല. രാത്രി കിടക്കാന്‍ നേരം അവന്റെ ഉമ്മ ഒരു ഗ്ലാസ്‌ ജ്യൂസ്‌ അവനു കൊടുക്കും കൂട്ടത്തില്‍ ഒരു ഗുളികയും. അതെന്താണ്എന്നവള്‍ക്കറിയില്ല. ചോദിച്ചാല്‍ പറയുകയുമില്ല.

"ഇതിനിടയില്‍ പെങ്ങളുടെ വിവാഹം ഉറപ്പിച്ചു. ചെറുക്കന്‍ ദുബായിലാണ്.  നമ്മുടെ ഈ കഥാനായകന്‍ ഭാര്യക്ക് സൗന്ദര്യം കൂടുതലാണോ എന്ന സംശയത്തില്‍ കുറച്ചു ചൂടുവെള്ളം ദേഹത്തേക്കൊഴിച്ചുവത്രേ. ഗര്‍ഭിണിയായ അവള്‍ തീരെ വയ്യാതെ വീട്ടില്‍ എത്തിയപ്പോഴാണ് ഓരോന്നായി അറിയുന്നത്."

ഞാന്‍ കുറെ സമാധാനിപ്പിക്കാന്‍ നോക്കി. അവസാനം വലിയൊരു കരച്ചിലിലായിരുന്നു ആ ഫോണ്‍ കാള്‍ അവസാനിച്ചത്.

നേരം കുറെയായി. ഞാന്‍ വിവരം ഇക്കയോട് പറഞ്ഞു.
ഇക്കയുടെ പ്രതികരണം, “ ഇവന്മാര്‍ക്കെതിരെ നാട്ടില്‍ കേസ് കൊടുക്കാന്‍ പറ, അവന് അടുത്ത മാസം പെങ്ങളുടെ വിവാഹത്തിനു നാട്ടില്‍ പോകുന്നുവേന്നല്ലേ പറഞ്ഞത്. പിന്നെ പെണ്പിള്ളേര്‍ ഒന്ന് വലുതായി തുടങ്ങുമ്പോഴേക്കും അവരൊരു ഭാരമായി തോന്നുന്ന  ഈ കാര്ന്നോന്മാര്‍ക്കൊക്കെ ഇങ്ങനെ തന്നെ വേണം”. അതും പറഞ്ഞ് കുറച്ചു നേരമിരുണ്ണ്‍ ആലോചിച്ചങ്ങനെയിരുന്നു പിന്നീടെപ്പോഴോ ഇക്ക ആരെയോ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു.

ഇന്നലെ നാട്ടിലേക്ക് വീണ്ടും ബന്ധുവിനെ വിളിച്ചു സംസാരിച്ചു. ഞാന്‍ ചോദിച്ചു , “ അവള്‍ടെ ബാപ്പ എന്ത് പറയുന്നു?

ബാപ്പ കുറച്ചുകൂടി ആത്മവിശ്വാസത്തിലാണ്. “ എന്റെ മോളിവിടെ തല്ക്കാലം നില്‍ക്കട്ടെ. അവളുടെ ഭാവിക്കുതകുന്ന ഒരു മുതല്‍ക്കൂട്ട് അവളുടെ കയ്യിലുണ്ട്. അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കട്ടേ. ഞങ്ങളുടെ മകള്‍ നേരത്തെ തന്നെ ഒന്നും പറഞ്ഞില്ല." 

ഇപ്പോള്‍ അവള്‍ടെ നാത്തൂന്റെ  ചെറുക്കന്റെ വീട്ടുകാര്‍ ഇവളെ ഇടയ്ക്ക് വിളിക്കും ദുബൈയില്‍ നിന്നും. വിവാഹം അടുക്കാറായി. അവര്‍ തീയതി നീട്ടുകയാണല്ലോ? എന്താ പ്രശ്നം എന്നൊക്കെ ചോദിച്ചുകൊണ്ട്.”
അവളൊന്നും പറഞ്ഞില്ല. പക്ഷെ അവളുടെ ഉമ്മ പ്രതികരിച്ചു തുടങ്ങി. 

അവളെ തിരികെ കൂട്ടാനായി അവള്‍ടെ അമ്മായിയമ്മയും നാത്തൂനും വീട്ടിലെത്തിയിരിക്കുകയാണ്. മകള്‍ടെ വിവാഹം  കഴിയുന്നവരെയെങ്കിലും വീട്ടില്‍ നില്‍ക്കണം” എന്ന അഭ്യര്‍ത്ഥനയുമായി.
സംസാരത്തിനോടുവില്‍ ബന്ധു എന്നോടൊരു ഒരുപദേശവും.

“ പെണ്‍കുട്ടികളെ പഠിപ്പിക്കുക,അവരുടെ ഭാവിയിലേക്കുള്ള എന്തെങ്കിലും ഉപകാരപ്രദമാകുന്ന രീതിയില്‍. കല്യാണം ഒക്കെ അത് കഴിഞ്ഞു ചിന്തിച്ചാല്‍ മതി.” ഞാനൊന്നുകൂടി കാതോര്‍പ്പിച്ചു.


വിശ്വസിക്കാന്‍ പ്രയാസം തോന്നി.

Tuesday, 12 August 2014

മഞ്ചു

                       മഞ്ചു 

അതിരാവിലെ  ഓഫീസിലേക്ക് നടക്കുമ്പോള്‍ പിറകില്‍നിന്നാരോ വിളിച്ചു 

അജിതേച്ചീ..”  

ഇവിടെയിതാരാ ഇങ്ങനെ വിളിക്കാനെന്നു മനസ്സിലോര്‍ത്തു. ഓഹോ നമ്മുടെ നാട്ടുകാരന്‍ ചെക്കന്റെ ഭാര്യ. ആഹാ സനലും മക്കളും ഒക്കെ സുഖമായിരിക്കുന്നോ?”

ഒരു കരച്ചിലായിരുന്നു മറുപടി.

“നീയെന്താ കരയുന്നെ? മഞ്ചു ?”

“കാണണമെന്ന് വിചാരിച്ചിരുന്നു നേരത്തെ. പിന്നെ പറ്റിയില്ല; അജിതേച്ചി ഇവിടെ കുറച്ചുനാള്‍ ഉണ്ടായിരുന്നില്ലല്ലോ”

അതിനിടയില്‍ മൂന്നാമാതൊരാള്‍ അവിടെയെത്തി. 

മഞ്ചു ധൃതിയില്‍ കണ്ണ് തുടച്ചു.

“ഞാന്‍ തിരക്കിലാണ്. നീയെന്റെ ഓഫീസിലേക്ക് ലഞ്ച് ബ്രേക്കില്‍   വാ. നമുക്ക് സംസാരിക്കാം.”

നാട്ടില്‍, എന്റെ ഉമ്മയുടെ ഒരു കൂട്ടുകാരിയുണ്ടായിരുന്നു, സരസ്വതിചേച്ചി;  അങ്ങകലെ സ്കൂളില്‍ ടീച്ചറായിരുന്നു. ഞങ്ങളുടെ വീടിന്റെ തൊട്ടരികിലുള്ള ബസ്‌സ്റ്റോപ്പില്‍ നിന്നാണ് എന്നും സ്കൂളില്‍ പോകാന്‍ സരസ്വതി ചേച്ചി ബസ് കയറുന്നത്. ഞാനും അതെ ബസിലാണ് കോളേജില്‍ പോയിരുന്നത്. ഇടയ്ക്ക്  ഉമ്മ ഞങ്ങളുടെ അരികിലേക്കെത്തും. ചേച്ചിയുടെ വിശേഷങ്ങളറിയാന്‍.  ചില ദിവസങ്ങളില്‍  എന്നെ കേള്‍പ്പിക്കാതെയായിരിക്കും അവരുടെ സംഭാഷണം; അതിനിടയില്‍  ചേച്ചി കരയുന്നതും  ഉമ്മ അവരെ സമാധാനിപ്പിക്കുന്നതും കാണാം. ഉമ്മ അതിനെക്കുറിച്ച് കാര്യമായൊന്നും തന്നെ എന്നോട് പറയാറില്ല.  പിന്നീട് വലുതായപ്പോള്‍  പലരില്‍ നിന്നുമായി ഞാന്‍ വിവരങ്ങള്‍ അറിഞ്ഞു.

നല്ലൊരു തറവാട്ടിലെ അംഗമായിരുന്നു ചേച്ചി.  രണ്ട് മിടുക്കരായ ആണ്‍കുട്ടികള്‍; അടുത്തുള്ള സ്കൂളില്‍ പഠിക്കുന്നു.  ഭര്‍ത്താവിന് അവിടെ അ ടുത്തുള്ള വില്ലേജ് ഓഫീസിലാണ് ജോലി. വെളുപ്പിനെ  തന്നെ വീട്ടിലെ പണികളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും തീര്‍ത്തീട്ടാണ്  ചേച്ചിയുടെ, സ്കൂളിലേക്കുള്ള ഒന്നര മണിക്കൂര്‍ ബസ്‌യാത്ര, ജോലി കഴിഞ്ഞ്  തിരികെ വീട്ടില്‍ എത്തുമ്പോള്‍ വൈകീട്ട്  ആറരമണിയാകും.  അവിടെ വീട്ടില്‍ മക്കളുണ്ടാകും അമ്മയെകാത്ത്. അവര്‍ക്ക് വേണ്ടുന്ന  കാര്യങ്ങളും വീട്ടിലെ മറ്റു ജോലികളും തീര്‍ത്ത് കഴിയുമ്പോഴേക്കും നേരം ഏറെയാകും. അതിനിടയില്‍ വയറു നിറയെ കള്ളും കുടിച്ച് ആടിയാടി വരും അയാള്‍, ചേച്ചിയുടെ ഭര്‍ത്താവ്. വന്നാലുടനെ ഭക്ഷണം റെഡിയായി മുന്നിലെത്തിയില്ലെങ്കില്‍ അയാളുടെ വിധം മാറും.

"എന്തായിരുന്നെടി നിനക്കിവിടെ ഇത്രയ്ക്ക് ജോലി? "  

ആ ചോദ്യത്തില്‍ തുടങ്ങി പിന്നെ കുറെ തെറിയും തൊഴിയുമായിരിക്കും അയാളുടെ വക ചേച്ചിക്കെന്നും കിട്ടിയിരുന്നത്. പേടിച്ചരണ്ട കുട്ടികള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയും. പതുക്കെ പതുക്കെ ആ കുട്ടികള്‍  വല്ലാത്ത മൂകതയിലായി; ചേച്ചി ഒരു തരം  മരവിപ്പിലേക്കും. 

ചേച്ചിയുടെ  വീട്ടുകാര്‍ ആദ്യമൊന്നും  ഈ കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല . പിന്നീട് വിവരങ്ങളറിഞ്ഞപ്പോള്‍ ചേച്ചിയെയും കുട്ടിളേയും അവരുടെ തറവാട്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി..  ആദ്യം ചേച്ചി പോകാന്‍ കൂട്ടാക്കിയില്ലെങ്കിലും കുട്ടികളുടെ നിര്‍ബന്ധം കൂടി വന്നപ്പോള്‍  അവരെയും കൂട്ടി കുറച്ചു നാള്‍ വീട്ടില്‍ പോയി നിന്നു. സ്കൂള്‍ വക്കേഷനായത് കൊണ്ട് മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു.  അവിടെ അടുത്തുള്ള ഏതെങ്കിലും സ്ക്കൂളിലേക്ക് കുട്ടികളെ മാറ്റുന്ന കാര്യം സംസാരിക്കാനായി ചേച്ചി ഭര്‍ത്താവിനോടാലോചിച്ചപ്പോള്‍, അങ്ങനെയൊന്നു സംഭവിച്ചാല്‍ അമ്മയും മക്കളും ജീവനോടെ ഉണ്ടാകില്ല എന്ന് ഭീഷണിപ്പെടുത്തി. അതോടെ അമ്മയും മക്കളും തിരികെ പോന്നു .

കാലം കുറെ പെയ്തൊഴിഞ്ഞു.  വിവാഹം കഴിഞ്ഞ്  ഞാന്‍ ഇവിടെ ഖത്തറില്‍ എത്തി. ഒരു ദിവസം ചേച്ചിയുടെ മൂത്ത മകന്‍ എന്നെ ഫോണില്‍  വിളിച്ചു.

 “ അജിതേച്ചി, ഞാനിവിടെയുണ്ട്ട്ടാ....സനല്‍. അമ്മയെ മറന്നോ? സരസ്വതി ടീച്ചര്‍ടെ മോനാ ഞാന്‍ .”

 “ആഹാ. സന്തോഷം. അമ്മയും മറ്റും ... ?” . ഞാന്‍ തിരക്കി.

“വയ്യാണ്ടായി. മരുന്നും  ആശുപത്രിയുമായി അങ്ങനെ നീങ്ങുന്നു."  സനല്‍ തുടര്‍ന്നു. " അച്ഛനും  അസുഖങ്ങളൊക്കെയായി നീങ്ങുന്നു. എന്റെ വിവാഹം കഴിഞ്ഞീട്ട് ആറുവര്‍ഷമായി. ഭാര്യ മഞ്ചു; ഡല്‍ഹിയില്‍ നേഴ്സ് ആയിരുന്നു. എനിക്കിവിടെ ഖത്തറില്‍ ജോലി  കിട്ടിയപ്പോള്‍ ഞാനവളെ ഇങ്ങോട്ട് കൂട്ടി. ഇപ്പോള്‍ രണ്ടു കുട്ടികളുണ്ട്. "

"അനുജന്‍ എവിടെയാണ്?"

"അവനും ഭാര്യയും  ബോംബയിലാണ്. അവനവിടെ ബാങ്ക് ഓഫ് ഇന്ത്യയില്‍ ആണ്ജോലി. ഭാര്യ അവിടെ ഒരു സ്കൂളില്‍ ടീച്ചര്‍ ആണ്."    

“നീ മഞ്ചുവും കുട്ടികളുമായി  ഒരു ദിവസം  വീട്ടിലേക്ക് വാ.”

"വരാം ചേച്ചി... പിന്നെ, മഞ്ചു  ബി സ്സ്സി  നഴ്സിംഗ്ആണ്. ജോലിക്ക് ശ്രമിക്കുന്നുണ്ട്. അവിടെ നിങ്ങളുടെ കമ്പനി ക്ലിനിക്കില്‍  നേഴ്സ് പോസ്റ്റില്‍ വേകന്‍സിയുണ്ടെങ്കില്‍ പറയണേ ചേച്ചി  ”

"അതിനെന്താ, നീ  അവള്‍ടെ സി വി അയക്കൂ. ഞാന്‍  ഒന്ന് ശ്രമിച്ചു നോക്കട്ടെ. അവള്‍ക്ക് യോഗമുണ്ടെങ്കില്‍ കിട്ടും.”

"വളരെ നന്ദിയുണ്ട്  ചേച്ചി. ഞാനുടനെ അയക്കാം." അവന്‍റെ  ശബ്ദത്തില്‍ വല്ലാത്തൊരാവേശമുണ്ടായിരുന്നു.

രണ്ടു മാസത്തിനുള്ളില്‍ സനലിന്റെ ഫോണ്‍ കാള്‍ ഉണ്ടായി, മഞ്ചുവിന് ഞങ്ങളുടെ കമ്പനി ക്ലിനിക്കില്‍ ജോലി ശരിയായി എന്നറിയിച്ചു കൊണ്ട്.
പിന്നീട് ക്ലിനിക്കില്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ മഞ്ചുവിനെ കാണാറുണ്ട്‌.   എപ്പോഴും  വല്ലാത്ത ഉത്സാഹത്തിലായിരുന്നു മഞ്ചു. പക്ഷെ ഇന്നാദ്യമായി വേരെയൊരു മഞ്ചുവിനെ ഞാന്‍ കണ്ടു .

സമയം ഒന്നരയായി. മഞ്ചുവെത്തി. ഞാനവളേയും കൂട്ടി റൂമില്‍ നിന്നിറങ്ങി, ഭംഗിയായി വെട്ടിനിറുത്തിയ പച്ചപ്പരവതാനിയ്ക്കരികിലൂടെ കാന്റീനിലേക്ക് നടന്നു. നല്ല വിശപ്പും. സലാഡ്ബാറില്‍ നിന്നും കുറച്ചെടുത്തു, പിന്നെ അല്പം റൊട്ടിയും ഹമൂസും ഫ്രൂട്ട്സും എടുത്ത് ഞങ്ങള്‍ ഒരൊഴിഞ്ഞ മൂലയില്‍ പോയിരുന്നു.

“അജിതേച്ചി എനിക്ക് മനസ്സ് തുറന്നു സംസാരിക്കണം.  I feel I am trapped –“ മഞ്ചു

“എന്റെ അച്ഛനും അമ്മയും ഞാനും അനുജനും അടങ്ങുന്ന ഒരു കര്‍ഷക കുടുംബമാണ് എന്റേത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ തന്നെ മനസ്സിലായി സനലിനെന്തോ പ്രശ്നമുണ്ടെന്ന് ചിലപ്പോള്‍ തോന്നും വട്ടാണെന്ന്; ചിലപ്പോള്‍ ഭയങ്കര ഈഗോ; അതിനിടയില്‍ ആദ്യത്തെ മോന്‍. പിന്നെ ഖത്തര്‍യാത്ര. ആരോടും ഒന്നും പറഞ്ഞില്ല. സഹിച്ചു. അവിടെ സനലിന്റെ വീട്ടില്‍ അച്ഛനും അമ്മയും തന്നെ പരസ്പരം സംസാരിക്കുന്നത് കണ്ടീട്ടില്ല. അമ്മ മരുന്നും മറ്റുമായി ഒതുങ്ങിക്കൂടും. അച്ഛന്‍ ഏതു നേരവും മദ്യത്തില്‍ മുങ്ങിയും. അതിനിടയില്‍ ഒരു കാരണവുമില്ലാതെ വീട്ടില്‍ അച്ഛന്‍ വഴക്കുണ്ടാക്കും; ആരെയും വകവെക്കില്ല. ഒന്നും എന്റെ സ്വന്തം വീട്ടില്‍ മിണ്ടരുതെന്ന് സനലിന്‍റെ വക ഭീഷണി. 

ഇവിടേക്ക് വന്നതിനുശേഷം രണ്ടാമത്തെ കുട്ടി ജനിച്ചു. സനല്‍ ഇടയ്ക്കിടെ വീട്ടിലിരുന്നു കുടിക്കുമായിരുന്നു. അത് നിറുത്താന്‍  ഞാന്‍ പലപ്പോഴും പറയുമായിരുന്നു. അതിഷ്ടപ്പെടാതെ എന്റെ നേരെ വഴക്കിനു വരും.  സനല്‍ മിക്കവാറും ഓഫീസില്‍ മറ്റുള്ളവരുമായും വഴക്കിടുമായിരുന്നു. ആര്‍ക്കും സനലിനെക്കുറിച്ച് ഒരു നല്ല അഭിപ്രായമില്ല എന്നുള്ളത് ഒരിക്കല്‍ അവരുടെ കമ്പനി പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ മനസ്സിലായി. ഇതിനിടയില്‍ വീട്ടില്‍ ഇരുന്നുള്ള കള്ളുകുടി സ്ഥിരമായി. മക്കള്‍ അത് കണ്ടു വളരുന്നു, അവരെകൂടി ചീത്തയാക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ഉടനെ ചൂടാകും. ഈയിടെയായി എന്നെ തല്ലാനും തുടങ്ങി. മൂത്ത മകന് സംസാരശേഷി കുറവാണ്; അവന് സ്പീച്ച് തെറാപ്പിയുണ്ട്. രണ്ടാമത്തെ മകന് 5 വയസ്സായി. ഓരോ രാത്രിയും വീട്ടില്‍ വന്നു കുപ്പി പൊട്ടിച്ചു കുടിക്കാന്‍ തുടങ്ങും. പഠിക്കാനിരിക്കുന്ന മക്കളെ അടുത്ത് വിളിച്ചിരുത്തി കുറേശ്ശെ വായിലേക്ക് ഒഴിച്ചുകൊടുക്കും. ചോദിച്ചാല്‍ പറയും “വലുതാകുമ്പോള്‍ അവരിത് മടുത്ത് കുടിക്കാതിരുന്നുകൊള്ളും, ഞങ്ങളുടെ അച്ഛന്‍ വീട്ടിലിരുന്നു കുടിക്കും, അമ്മയെ തല്ലും, ബഹളം വെക്കും, അമ്മ ഒന്നും മിണ്ടില്ല” അതൊക്കെ ഒരു രസമാണത്രേ. 

ഇതിനിടയില്‍ എന്റെ അച്ഛനും അമ്മയും ഇവിടെ വിസിറ്റിംഗിന് വന്നു. വീട്ടിലെ ശരിയായ അവസ്ഥ അപ്പോളാണവരറിയുന്നത്."  

ഞാനൊരു ഗ്ലാസ്‌ വെള്ളമെടുത്ത് മഞ്ചുവിന്  നേരെ നീട്ടി. അതിനിടയില്‍ രണ്ടു ഫ്രഷ്‌ ജ്യൂസിനും ഓര്‍ഡര്‍ കൊടുത്തു.
"മക്കള്‍ക്ക് അച്ഛനെ ഭയമാണ്. ഒന്നും സംസാരിക്കില്ല കുട്ടികളും അച്ഛനും തമ്മില്‍" സരിത തുടര്‍ന്നു.
"പലപ്പോഴും ഞാന്‍ സനലിനോട് പറയുമായിരുന്നു ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഞാന്‍ മക്കളെയും കൊണ്ട് നാട്ടിലേക്ക് പോകുമെന്ന്. അപ്പോഴൊക്കെ സനല്‍ അലറിവിളിക്കും, 
“എന്നെ ഉപേക്ഷിക്കല്ലേ, എനിക്ക് ഭ്രാന്ത് പിടിക്കും” എന്ന്. ഇതിനിടയില്‍ എന്റെ സഹോദരനും ഇവിടെ ഒരു ബാങ്കില്‍ ജോലിയില്‍ കയറി. 

ഇതിനിടയിലെപ്പോഴോ സനല്‍ ഓഫീസില്‍ സൂപ്പര്‍വൈസറുമായി ജോലി 
സംബന്ധമായി എന്തോ പറഞ്ഞിടഞ്ഞു. ആ പ്രശ്നം പിന്നെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ വഷളായി. അങ്ങനെ സനലിന്റെ ജോലിയും നഷ്ടപ്പെട്ടു. നാട്ടില്‍ സനലിന്റെ അച്ഛനും അമ്മയും പെന്‍ഷന്‍പറ്റി; മരുന്നും ജീവിതചെലവുമായി ബുദ്ധിമുട്ടുന്നു. സനല്‍ നേരെ നാട്ടിലേക്ക് പോയി.  എത്രയും പെട്ടെന്നാണ് സാഹചര്യങ്ങള്‍ മാറി മറിയുന്നത്. സനല്‍ നൈജീരിയയില്‍ ഒരു ജോലിക്ക് ശ്രമിച്ചു. അത് കിട്ടിയാലുടനെ മഞ്ചുവിനോട് ജോലി resign ചെയ്ത് കൂടെ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അവള്‍ടെ നല്ലൊരു ജോലി, പിന്നെ അന്യനാട്, ആകെ അവള്‍ ഭീതിയിലായി. അവള്‍ കമ്പനിയില്‍ വിവരം പറഞ്ഞപ്പോള്‍, കുറച്ചൊക്കെ കാര്യങ്ങളറിയാവുന്ന സഹപ്രവര്ത്തകര്‍ അത് തടഞ്ഞു; മാനേജര്‍ ഇടപെട്ടു. അവളെയും കുട്ടികളെയും കമ്പനി sponsorshipലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.  ഉടനെ കുട്ടികളേയും കൂട്ടി നാട്ടിലെത്താന്‍ പറഞ്ഞിരിക്കുകയാണ് സനല്‍ അവളോട്. കുട്ടികള്‍ക്ക് പേടിയാണ്. അവര്‍ക്ക് അച്ഛന്ടടുത്ത് പോകാന്‍ ഭയം. അവളുടെ വീട്ടില്‍ അച്ഛനമ്മമാര്‍ ആകെ വേവലാതിയില്‍. ഒറ്റയ്ക്കിവിടെ നില്‍ക്കേണ്ട എന്ന്. ഏതായാലും തല്ക്കാലം അവളുടെ ആങ്ങള കൂടെ താമസിക്കുന്നു. പക്ഷെ അവള്‍ക്ക് പിടിച്ച് നില്‍ക്കാനാകുന്നില്ല. ആങ്ങളയുടെ ഭാവിയും അവനു നോക്കേണ്ടേ.? അവളും കുട്ടികളും ഒരു വിലങ്ങുതടിയാകരുത്.

ജ്യൂസ്‌ ഗ്ലാസില്‍ ലാസ്റ്റ് സിപ് എടുക്കുമ്പോള്‍ ഞാനവളോട് പറഞ്ഞു, “നിന്നെപോലെ അവനും ഒരു ഇരയാണ്”. നമുക്കവിടെ നിന്നും തുടങ്ങാം.
“ഞാനിനി എന്താണ് ചെയ്യേണ്ടത് ചേച്ചീ?” മഞ്ചുവിന്റെ കയ്യില്‍ മുറുകെ പിടിച്ച് ഞാന്‍ പറഞ്ഞു;

“മക്കള്‍ക്ക് അച്ചന്‍, നിനക്ക് നല്ലൊരു തുണ, അവനും, പിന്നെ അച്ഛനും അമ്മയും അങ്ങനെയങ്ങനെ... അവള്‍ ഒന്നും മനസ്സിലാകാതെ പകച്ചുനിന്നപ്പോള്‍ ഞാന്‍ പറഞ്ഞു, “ നീ ആ അമ്മയെ വിളിക്ക്, അവരവിടെ എന്തെടുക്കുന്നു എന്നന്വേഷിക്കൂ” അവരും നിനക്ക് വേണ്ടി പ്രാര്‍ഥിക്കും. കുറെ അനുഭവിച്ചതല്ലേ അവരും. നിന്നെ ശരിക്കും മനസ്സിലാക്കും.” സനലുമായി ഞാന്‍ സംസാരിക്കാം. പരസ്പരം സമ്മതമാണെങ്കില്‍ ഞാന്‍ നന്നായറിയുന്ന ഒരുപാട് കുടുംബങ്ങളെ രക്ഷപ്പെടുത്തിയിട്ടുള്ള ഒരു കൌണ്സിലര്‍ ഉണ്ട്. നിങ്ങള്‍ക്കൊരുമിച്ചു അങ്ങനെയൊരാളെ കാണാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ പറയുക.

മഞ്ചു എന്റെ നേരെ പ്രത്യാശയോടെ നോക്കി.