Tuesday, 24 March 2015

HEALTH IS WEALTH


ഇന്നവിചാരിതമായി വീണു കിട്ടിയ ഒരു അര മണിക്കൂര്‍ ഏറ്റവും ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കണമെന്ന് തോന്നി. രാവിലെ വീണ്ടും അന്തരീക്ഷം മൂടികെട്ടിതന്നെ.
നമസ്കാരത്തിനു ശേഷം പതുക്കെ ട്രെഡ്മില്ലില്‍ നടക്കാന്‍ തുടങ്ങി. കുറച്ചു ദിവസമായി മടിയായിട്ടിരിക്കുകയായിരുന്നു. സ്പീഡ് കൂട്ടി ഒരു ഇരുപത് മിനിറ്റ് നടന്നു. കുറച്ചൊരുന്മേഷമൊക്കെ തോന്നി. അതിനു ശേഷം അഞ്ചു മിനിറ്റ് ബ്രീത്തിംഗ് എക്സര്‍സൈസ്. പതുക്കെ പണ്ടെന്നോ പാടി മറന്ന ഒരു ഗാനത്തിന്റെ മധുരമൂറും വരികള്‍ ചുണ്ടിലെത്തി. ഹായ്, മനസ്സിനും നല്ലൊരുന്മേഷം തോന്നുന്നു.
അപ്പോള്‍ പറഞ്ഞുവരുന്നത് ഇതൊക്കെ വേണമെന്ന് വെച്ചാല്‍ നമുക്കൊക്കെ പതിവായി ചെയ്യാവുന്നതാണ്. അതിനുള്ള മനസ്സുണ്ടാകണം. സമയമില്ലെങ്കില്‍ കണ്ടെത്താന്‍ ശ്രമിക്കണം. ഇനി രാവിലെ പറ്റുകയില്ലെങ്കില്‍ വൈകീട്ടെങ്കിലും. കുറച്ചു സമയമെങ്കിലും നമ്മള്‍ നമുക്കായി മാറ്റി വയ്ക്കുക; ആ സമയം ശ്രദ്ധിച്ചുപയോഗിക്കുക.
സംഗീതം, വായന, അതല്ലെങ്കില്‍ മറ്റു ഹോബികള്‍ നമുക്കുന്മേഷം പകരുന്നത് പോലെതന്നെയാണ് ഒരല്‍പ്പം നടത്തവും നമുക്ക് നല്‍കുന്നത്. ശരീരവും മനസ്സും ഒരുപോലെ ഉന്‍മേഷമായിരുന്നാല്‍ ആരോഗ്യവും നമുക്ക് നിലനിര്‍ത്താനാകും.
ഇനിയുമിതെഴുതിക്കൊണ്ടിരുന്നാല്‍ എന്റെ പല കാര്യങ്ങളും മുടങ്ങും.
ഓര്‍ക്കുക : HEALTH IS WEALTH!
ശുഭദിനം നേര്‍ന്നുകൊണ്ട് തല്ക്കാലം ധഖീറയില്‍ നിന്നും ഈയുള്ളവള്‍ വിടവാങ്ങുന്നു.

Sunday, 22 March 2015

                             BETTER LATE THAN NEVER   


രാവിലെ ഓഫീസിലേക്കിറങ്ങാന്‍ വാതില്‍ തുറന്നപ്പോഴാണ് അടുത്ത മഴയ്ക്കുള്ള കൊളുണ്ടെന്നു തോന്നിയത്. ആകാശം മൂടികെട്ടി വല്ലാണ്ട് മുഖവും വീര്‍പ്പിച്ചങ്ങനെ നില്‍ക്കുകയാണ്. കൂടാതെ നല്ല പൊടിക്കാറ്റും. കാഴ്ച്ചക്കപ്പുറത്തൊരു വിങ്ങലും പിടച്ചിലും കേള്‍ക്കാനാകും. കാര്‍മേഘങ്ങളില്‍ നിന്നും പുറത്ത് ചാടാനുള്ള സൂര്യന്റെ വെമ്പലാണത്. വീട്ടില്‍നിന്നിറങ്ങാന്‍ കുറച്ചു വൈകി. അപ്പോഴാണോര്‍ത്തത്, ഇന്ന് ഹോസ്പിറ്റലില്‍ അപ്പോയിന്റ്മെന്റ് ഉള്ള കാര്യം. ഹോ, ഇനിയിപ്പോള്‍ അല്‍ഖോറില്‍ നിന്നും റാസലഫ്ഫാനിലെ ഓഫീസിലേക്ക്, അവിടെനിന്നും ഉച്ചക്ക് മുമ്പായി ദോഹയിലെ ഹോസ്പിറ്റലിലേക്ക്. തിരികെ വീണ്ടും അല്‍ഖോറിലേക്ക്.

ഒരുകണക്കിന് അത്യാവശ്യജോലികള്‍ തീര്‍ത്തീട്ട് ബോസിനോട് നേരത്തെ പോകാനുള്ള അനുവാദവും വാങ്ങി പൂള്‍കാര്‍ കാത്തുനില്‍പ്പായി. അപ്പോഴാണറിയുന്നത് ഡ്രൈവര്‍ എത്താന്‍ വൈകും എന്ന്; മറ്റൊരു കാര്‍ സര്‍വീസ് ചെയ്യാന്‍ കൊണ്ടു പോയിട്ട് അയാളതേവരെ തിരിച്ചെത്തിയിട്ടില്ല . സ്വയം വണ്ടി ഓടിച്ചു പോകുവാന്‍ അനുവാദമുണ്ട്. പക്ഷെ റാസലഫ്ഫാനില്‍ നിന്നും ദോഹക്ക് ഡ്രൈവ് ചെയ്യാനുളള്ള കോണ്‍ഫിഡന്‍സ് ഇല്ലാത്തതുപോലെ. കുറച്ചു നാളായി ലോങ്ങ്‌ ട്രിപ്പ്‌ വണ്ടി ഓടിക്കാറില്ലായിരുന്നു. കൂടാതെ ഡ്രൈവിംഗ് ലൈസെന്‍സ് ബാഗില്‍ കരുതിയിട്ടുമില്ല.

എന്ത് ചെയ്യണമെന്നറിയാതെ ഓഫീസിലേക്ക് തിരികെ പോകാന്‍ തുടങ്ങുമ്പോഴേക്കും ട്രാന്‍സ്പോര്‍ട്ട് സെക്ഷനില്‍ നിന്നും കാള്‍ വന്നു. ഡ്രൈവര്‍ അഞ്ചു മിനിറ്റിനുള്ളില്‍ എത്തിച്ചേരും എന്നറിയിച്ചുകൊണ്ട്‌. ഹോ! ദൈവത്തിന് സ്തുതി. ക്യാന്‍സല്‍ ചെയ്താല്‍ അടുത്ത അപ്പോയിന്റ്മെന്റ് കിട്ടാന്‍ പിന്നെയും കുറെ കാത്തിരിക്കണമല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു. സമാധാനമായി. സമയം വൈകിയതിനാല്‍ ഡ്രൈവറോട് കാര്‍ കുറച്ചു സ്പീഡില്‍ തന്നെ പൊയ്ക്കോട്ടേ എന്ന് പറഞ്ഞു. കേള്‍ക്കേണ്ട താമസം അവന്‍ മിന്നിക്കാന്‍ തുടങ്ങി. റോഡില്‍ കാര്യമായ തിരക്കില്ലാതിരുന്നതിനാല്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കുറെദൂരം പിന്നിട്ടു.

വഴിയരികില്‍ ഇത്രയധികം പൂച്ചെടികളും വൃക്ഷങ്ങളും വളര്‍ന്ന്‍ നില്‍പ്പുണ്ടായിരുന്നു എന്ന് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്. കണ്ണുകള്‍ക്ക് വല്ലാത്തൊരു കുളിര്‍മ. കൂടാതെ കാതുകളിലേക്ക് ഗസലിന്റെ നനുത്ത സംഗീതവും ഒഴുകിയെത്തുന്നുണ്ടായിരുന്നു. ഒരു ഫോട്ടോയെടുക്കാമെന്നോര്‍ത്ത് സെല്‍ഫോണ്‍ ഫോക്കസ് ചെയ്യുന്നതിനിടക്ക് ഡ്രൈവര്‍ പെട്ടെന്ന് വണ്ടി ബ്രേക്ക്‌ ചെയ്ത്, വളരെ പതുക്കെ റോഡ്‌സൈഡിലേക്കെടുത്ത് ഒതുക്കിനിറുത്തി. പുറത്തേക്ക് നോക്കിയപ്പോള്‍ അവിടെ കുറച്ചാളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നതായി കണ്ടു. പോലീസ് അവരോടൊക്കെ തിരികെ അവരുടെ വണ്ടിയിലേക്ക് കയറാനായി ആവശ്യപ്പെടുന്നുണ്ട്. അപ്പോഴാണ് ഞാനാ കാഴ്ച കാണുന്നത്. റോഡ്‌ മിക്കവാറും പഞ്ചസാരമണലാല്‍ മൂടപ്പെട്ടു കിടക്കുകയാണ്. നാല് വലിയ കാറുകള്‍ കൂട്ടിയിടിച്ച് റോഡിന്നിരുവശവും താറുമാറായി കിടപ്പുണ്ട്. രണ്ടാളുകളെ ആമ്പുലന്‍സിലേക്ക് കയറ്റുന്നു. മറ്റൊരു കാറിന്നുള്ളില്‍പ്പെട്ട് ജാമായ ഒരാളെ പുറത്തേക്കെടുക്കാനുള്ള ശ്രമത്തിലാണ് കുറച്ചുപേര്‍. പെട്ടെന്ന്‍ ഉള്ളം ഒന്നാളി.

ഡ്രൈവര്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്തു. ഞാന്‍ പുറകിലെ ഗ്ലാസ്സിലൂടെ വീണ്ടും നോക്കി. അവിടെ കുറെ ചില്ലുകളും, ചീറ്റിക്കിടക്കുന്ന ചോരയും കണ്ടപ്പോള്‍ തല കറങ്ങുന്നത് പോലെ തോന്നി. കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍നിന്നും അല്‍പ്പം വെള്ളം കുടിച്ചു, പിന്നെ പതുക്കെ സീറ്റിലേക്ക് തലചായിച്ചു കിടന്നീട്ട് ഡ്രൈവറോട് പറഞ്ഞു, “സ്പീഡ് കുറയ്ക്കൂ”. ഇപ്പോള്‍ അറുപതിലാണ് പോകുന്നത് മേം എന്നവന്‍ പറഞ്ഞെങ്കിലും ഞാന്‍ വീണ്ടും പറഞ്ഞു, “ വേണ്ട, ഇനിയും സ്പീഡ് കുറയ്ക്കൂ”. നമ്മള്‍ ഹോസ്പിറ്റലില്‍ എത്താന്‍ വൈകില്ലേ എന്ന അവന്‍റെ ചോദ്യത്തിന് കുറച്ചു മുമ്പിലായി റോഡിനരികെയുള്ള ബോര്‍ഡ്‌ ചൂണ്ടിക്കാണിച്ചു കൊടുത്തീട്ട് ഉറക്കെ വായിക്കാന്‍ പറഞ്ഞു. അവന്‍ വായിച്ചു, “BETTER LATE THAN NEVER”.

രണ്ടു ദിവസം മുമ്പ്, പുതിയതായി കമ്പനിയില്‍ ചേര്‍ന്ന ട്രെയിനീസിനുള്ള ഒറിയന്റെഷന്‍ ക്ലാസ്സില്‍ സുരക്ഷയെകുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പ്രസന്റേഷനിലും ഇത് പല പ്രാവശ്യം ഉറക്കെ ആവര്‍ത്തിച്ചു പറഞ്ഞതാണ്. “BETTER LATE THAN NEVER”. പക്ഷേ, കാര്യങ്ങളറിയുന്നതു കൊണ്ടുമാത്രമായില്ലല്ലോ, അത് നമ്മളോരോരുത്തരും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നിടത്താണല്ലോ യഥാര്‍ത്ഥത്തില്‍ കാര്യമിരിക്കുന്നത്.

ഓര്‍ക്കുക, നമ്മള്‍ തന്നെയാണ് കുറെയൊക്കെ നമ്മുടെ രക്ഷകര്‍!

                                                   ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

                                    പേരിലെന്തിരിക്കുന്നു  


വെള്ളിയാഴ്ച രാവിലെ വൈകിയുണര്‍ന്നാല്‍ മതിയല്ലോ എന്ന ആശ്വാ സത്തിലും സന്തോഷത്തിലുമാണ് വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടക്കുക. അതുംകുറെ വൈകിതന്നെ; ഏകദേശം പാതിരയാകും. ആറു മണിക്കൂര്‍ ദിവസവും ഉറങ്ങാന്‍ ശ്രമിക്കാറുണ്ടെങ്കിലും വാരാന്ത്യത്തില്‍ കുറെ കൂടുതല്‍ സമയം ഉറങ്ങിയാലെ ഒരു സുഖമുള്ളു.

എന്നാലിന്ന് നേരത്തെ തന്നെ ഒരു ഫോണ്‍ കാള്‍ എന്നെ വിളിച്ചുണര്‍ത്തി. ഇന്നുച്ചക്ക് ശേഷമുള്ള ഒരു പ്രോഗ്രാമിനെ കുറിച്ചോര്‍മിപ്പിക്കാനായിരുന്നു ആ കാള്‍. റിമൈന്റെര്‍ പലപ്പോഴും ഒരു നല്ല കാര്യമാണെന്ന് തോന്നാ റുണ്ടെങ്കിലും, അപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടതിലെ വിഷമം ഉള്ളില്‍ വല്ലാതുണ്ടായിരുന്നു. നന്ദി പറഞ്ഞുകൊണ്ട് വേഗം ഫോണ്‍ കട്ട്‌ ചെയ്തു. കുറച്ചുനേരം കൂടി ഉറങ്ങാനായി വീണ്ടും കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നീട്ടും ഉറക്കം വരാതായപ്പോള്‍ മുറിയിലെ വാള്‍ ക്ലോക്കിലേക്ക് നോക്കി. സമയം ഏഴ് കഴിഞ്ഞു. ഇനിയിപ്പോള്‍ കുറച്ചു കഴിയുമ്പോള്‍ ക്ലീനിങ്ങിനായി നേപ്പാളി പയ്യന്‍ വരും.

ബെഡ്ഡില്‍ നിന്നെഴുന്നേറ്റു പതുക്കെ മുറ്റത്തേക്കിറങ്ങി. ഇന്നലത്തെ പോലെ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷം. പിന്നീട് പതിവുദിനചര്യയിലേക്ക് കടന്നു. സമയം ഒമ്പതാകാറായിട്ടും പയ്യനെ കാണാനില്ല. ഈയിടെയായി അവന്‍ പണിയില്‍ കുറച്ചുഴപ്പലാണ്. സത്യസന്ധനും സാധുവുമായതിനാല്‍ നമ്മുടെ പ്രിയപ്പെട്ട മന്ത്രി പറയുന്നതുപോലെ ഞങ്ങളതൊന്നും “വെല്യെ ഇസ്സ്യു” ആക്കാറില്ല.

ഞാനടുക്കളയിലെ തിരക്കിലേക്കൂളിയിടുന്നതിനിടയില്‍ അപ്പുറത്ത് ആരോടോ ഇക്കയുടെ സംസാരം കേള്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ എനിക്ക് കേള്‍ക്കാനായി അല്‍പ്പം ഉറക്കെ “ബുദ്ധ എത്തി, കൂടെ വേറൊരുത്തനും ഉണ്ട്” എന്നും പറഞ്ഞു. വീട്ടില്‍ ക്ലീനിങ്ങിനു വരുന്ന പയ്യനാണ് ബുദ്ധ. ഞാനടുക്കളയില്‍ നിന്ന് ഹാളിലേയ്ക്കെത്തി നോക്കുമ്പോഴേക്കും അവര്‍ രണ്ടു പേരും മുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ചോദ്യഭാവത്തില്‍ ഞാന്‍ ഇക്കയുടെ നേരെ നോക്കിയപ്പോള്‍ മറുപടിവന്നു:

“ബുദ്ധയ്ക്കിന്നു വൈകീട്ട് ദോഹയില്‍ പോകാനുണ്ട്. വേഗം ജോലി തീര്‍ക്കാന്‍ അവന്‍ സഹായത്തിനൊരാളെ കൂട്ടിയതാണ്. വൃത്തിയാക്കാനുള്ള മുറികളും ടോയ്ലെറ്റും പുതിയ ആളെ കാണിക്കാനായി മുകളിലേക്ക് കൊണ്ടുപോയതാ”

“ആരാ എന്താ എന്നൊന്നും അറിയാതെ, നേരത്തെ പറയാതെ, ഇത് ശരിയാവോ” എന്ന എന്‍റെ ചോദ്യം കേട്ടില്ലെന്ന ഭാവത്തില്‍ ഇക്ക ടിവിയിലേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ വീണ്ടും ഞാനടുക്കളയിലേക്ക് വലിഞ്ഞു.

ഇതിനിടയില്‍ അവര്‍ രണ്ടുപേരും വീണ്ടും താഴേക്കിറങ്ങി. ഇക്ക എന്തോ ചോദിക്കുന്നതിനിടയില്‍ പുതിയതായി വന്ന പയ്യന്‍ “ബോംബ്‌” എന്ന് പറയുന്നത് കേട്ടു ഞാന്‍ ഞെട്ടി.
“ഇസ്കാ മത്ലബ്‌ ക്യാഹെ?” എന്നിക്ക മറുചോദ്യം അവനോട്.
പടച്ചോനെ, വീടിനകത്ത് ബോംബോ...? ബോംബിന്റെ മത്ലബ്‌ ചോദിച്ച്നില്‍ക്കാതെ അതെവിടെയെന്നും എന്താണ് ചെയ്യേണ്ടതെന്നും ഉടനെതന്നെ കണ്ടുപിടിക്കാതെ ഈ മനുഷ്യനെന്താ മത്ലബും ചോദിച്ച് നേരം കളയുന്നെ എന്നസ്വസ്ഥതയോടെ തിടുക്കത്തിലാത്മഗതം നടത്തി ഞാന്‍ വേഗം ആക്ഷന്‍ പ്ലാന്‍ ചെയ്യാനവരുടെ അടുത്തെത്തി.
അപ്പോഴാണ്‌ പുതിയ അവതാരത്തെ കാണുന്നത്. നമ്മുടെ സ്ഥിരം പയ്യനായ ബുദ്ധ കൂടിയാല്‍ ഒരു വലിയ ഉരുളക്കിഴങ്ങിന്റെ വലുപ്പമേ ഉള്ളു. അവനുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പുതിയവന്‍ ഒരു കീരിക്കാടന്‍ ജോസ്. ഇത്രക്ക് വലുപ്പമുള്ള നേപ്പളിയെ ഞാനിതേവരെ കണ്ടീട്ടില്ല. സംഗതി പന്തിയല്ലെന്ന മട്ടില്‍ ഞാനിക്കയെ നോക്കുമ്പോള്‍ പുള്ളിക്കാരന്‍ തമാശ കേട്ടെന്നപോലെ ചിരിക്കുകയാണ്.

“എന്താ ബോംബിന്‍റെ കാര്യം പറയുന്നത് കേട്ടെ?”

എന്റെ ചോദ്യം കേള്‍ക്കാത്ത മട്ടില്‍ ഇക്കയുടെ മറുചോദ്യം എന്‍റെ നേരെ
‘ നീ ഈ പുതിയവനെ പരിചയപ്പെടുന്നില്ലേ? അവന്‍റെ പേര് ചോദിച്ചോ?”

“പിന്നെ, എനിക്കിതിനിടയില്‍ അതായിരുന്നല്ലോ പണി” എന്‍റെ മറുപടി കേട്ട് ഇക്ക ഉറക്കെ ചിരിച്ചീട്ട് പറഞ്ഞു,

“നന്നായി, ഏതായാലും ഇപ്പോള്‍ തന്നെ ചോദിച്ചോ”

ഞാനവനു നേരെ നോക്കി ചോദിച്ചു,
“ ആപ്ക്കാ നാം ക്യാഹെ?”

മറുപടി ഉടനെ വന്നു: “ബോംബ്‌”

“എന്തോന്ന്!!” പെട്ടെന്ന് എന്റെ ഹിന്ദിയൊക്കെ കൈവിട്ടുപോയി.
മൂന്നുപേരും ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അപ്പോഴാണെനിക്ക് ഇക്ക നേരത്തെ ഇവനോട് മത്ലബ്‌ ചോദിച്ചതിന്റെ ശരിയായ മത്ലബ്‌ പിടികിട്ടിയത്. പെട്ടെന്ന് ഞാനും ഉറക്കെചിരിക്കാന്‍ തുടങ്ങി. അതൊരു കൂട്ടച്ചിരിയായി മാറുന്നതിനിടയില്‍ ഇക്ക വളരെ ഗൌരവത്തോടെ അവനോട് ചോദിച്ചു
“തുജെ കഭീ പോലീസ് പക്ടാ?”

അവനും കാര്യമായിത്തന്നെ അവനറിയാവുന്ന ഹിന്ദിയില്‍ പറഞ്ഞു.
“ഫസ്റ്റ് ടൈം ഇദര്‍ ആനെക്കാ സമയ് എയര്‍പോര്‍ട്ട്‌ മേം ഏക്‌ പുലീസ് മേരാ പാസ്പോര്‍ട്ട്‌ ചെക്ക്‌ കര്‍ക്കെ പൂച്ചാ മേരെ നാം കാ സ്പെല്ലിംഗ് ക്യാഹെ. മേം നെ ബോലാ 'B O M B'. വോബീ നാം കാ മത്ലബ് പൂച്ചാ. അസലീ മേം മുജെ മാലും നഹീ. മേം ഉസസേ സഹീ ബോല്‍ദിയാ. വോ ഭീ ആപ്കീ തരഹ് ഹസനെ ലഗാ ഫിര്‍ മുജെ ജാനെ കാ പെര്‍മിഷന്‍ ദിയ.’ അവനത് പറഞ്ഞു തീര്‍ന്നപ്പോള്‍ ഞാന്‍ ഇക്കയോട് ചോദിച്ചു.
“ഇവനെ അന്വേഷിച്ച് ഇനി ഏതെങ്കിലും പോലീസ് ഇങ്ങോട്ട് വരോ?”

ഇക്ക എന്റെ നേരെ നോക്കി, പിന്നെ അവനെ ഗൌരവത്തില്‍ ഉപദേശിക്കുന്നുണ്ടായിരുന്നു.
“ഇനി ആരങ്കിലും പേര് ചോദിച്ചാല്‍, പ്രത്യേകിച്ച് പോലീസുകാര് ചോദിച്ചാല്‍, നീ ബോബിയെന്നു പറഞ്ഞാല്‍ മതി.”

അവന്‍ ‘ജീ സാബ്‌” എന്നു പറഞ്ഞു ജോലിയിലേക്ക് തിരിഞ്ഞു.

                         ********************************************************************************

ഇന്നത്തെ ദിവസത്തിന്‍റെ 'പ്രത്യേകത' 
നമ്മളില്‍ പലരും മറന്നെങ്കിലും മഴ മറന്നില്ല;
നിര്‍ത്താതെ പെയ്തു സ്നേഹ മഴ! <3