Wednesday, 29 January 2014

മൂടല്‍മഞ്ഞ്

പതിവ് പോലെ അതിരാവിലെ 5:50 ആയപ്പോള്‍ വീട്ടില്‍ നിന്നും ഒാടിപ്പിടഞ്ഞിറങ്ങിയതാ, കമ്പനി ബസ്സ് പിടിയ്ക്കാൻ, അൽഖോറിൽ നിന്നും റാസലഫ്ഫാനിലേയ്ക്ക്. നല്ല മൂടൽ മഞ്ഞായിരുന്നു. ഇന്നിതെന്തു പറ്റി ? സാധാരണ ഇങ്ങനെയുള്ള അവസരത്തില്‍ കമ്പനിയിലെ Safety ഡിപ്പാർട്മെന്റിൽ നിന്നും SMS വരുന്നതാ "Please be aware of fog,drive carefully,take care and have a safe day!". എന്തെന്നില്ലാത്ത സന്തോഷമാ ആ മെസ്സേജ് കാണുമ്പോള്‍ .എന്താണെന്നുവച്ചാൽ, അതിന്നർത്ഥം ഒരു മണിക്കൂർ വൈകിപ്പോയാൽ മതിയെന്നാ.ഒന്നൊളി കണ്ണിട്ടുനോക്കി മൊബൈല്‍ ഫോണില്‍ SMS വന്നീട്ടുണ്ടോ എന്ന് . ദാണ്ടെ കിടക്കുന്നു മെസ്സേജ്. ശ്ശോ,ഞാനിതെന്താ നേരത്തെ കാണാതിരുന്നത്? ഒാ ഇന്നിത്തിരി വൈകിയാണ് മെസ്സേജ് വന്നിരിക്കുന്നത്.എന്ത് കഷ്ടമാണെന്നുനോക്കൂ. അയയ്ക്കുന്നെങ്കിൽ അവര്‍ക്ക് കുറച്ച് നേരത്തെ അയയ്ക്കരുതോ? ആ എന്തായാലും വീട്ടിലേയ്ക്ക് റിവേഴ്സടിച്ചു.

ഇന്നലേയും നല്ല മൂടൽമഞ്ഞായിരുന്നു. ഇതേ മെസ്സേജ് വന്നപ്പോള്‍ അടുപ്പത്ത് ചായയ്ക്കുള്ള വെള്ളം തിളച്ചു തുടങ്ങിയിരുന്നു. ഉറക്കത്തിന്ടെ കെട്ടഴിയാത്തതു പോലെയായിരുന്നതിനാൽ ഒരര മണിക്കൂര്‍ കൂടികിടന്നുറങ്ങാമല്ലോ എന്ന് കരുതി മുകളിലെ റൂമിലേയ്ക്ക്പോയി. കുറച്ച് നേരം കിടന്നെങ്കിലും ഉറക്കംപിടിച്ചു തുടങ്ങാൻ പിന്നേയും സമയമെടുത്തു. അപ്പോഴതാ ആരോ ഉള്ളില്‍ നിന്നും വിളിച്ച് ചോദിയ്ക്കുന്നത് പോലെ . ചായ തിളപ്പിയ്ക്കാനായി കത്തിച്ച തീയണച്ചിരുന്നോ? ഉവ്വല്ലോ എന്ന് ഞാനും . ഹോ, ഇൗ ത ണുത്ത വെളുപ്പാന്‍ കാലത്തേ തന്നെ ഒാരോ അനാവശ്യമായ ചോദ്യങ്ങളിങ്ങനെ വന്നോളും മനുഷ്യന്റെ ഉറക്കം കെടുത്താൻ. വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി.കഷ്ടിയൊരഞ്ച് മിനിറ്റ് കഴിഞ്ഞു കാണും, വീണ്ടുമൊരു ചോദ്യം; അല്ല ,ശരിയ്ക്കുമൊന്നാലോചിച്ചു നോക്ക്യേ. ശ്ശോ...ഇതെന്തൊരു കഷ്ടമാണെന്നു നോക്ക്യേ...ഇത്തവണ തലയടക്കം മൂടിപ്പുതച്ചു കിടന്നു.പക്ഷേ ഉറക്കം വന്നില്ല. ഉള്ളിലൊരു തീയണയാതെ കിടക്കുന്നതറിഞ്ഞു. ഞാൻ കുക്കിങ്ങ് റെയ്ന്ജ് ഒാഫാക്കിയില്ലായിരിയ്ക്കോ? പടച്ചോനേ....ഞാൻ താഴേക്കിറങ്ങിയോടി. അടുക്കളയിൽ വളരെ സമാധാനത്തോടെ അടുപ്പിരുന്നുറങ്ങുന്നത് കണ്ടപ്പോൾ ഒരു ചവിട്ട് കൊടുക്കാന്‍ തോന്നിയതാ.. . പിന്നങ്ങ്ക്ഷമിച്ചു. ഞാനല്ലാതെ വേറെയാരോർക്കാനാ എന്റെ കാലിനെക്കുറിച്ച്.

ഇന്നിപ്പോള്‍ തിരികെ വീട്ടിലെത്തിയപ്പോൾ തോന്നി പ്രതീക്ഷിയ്ക്കാതെ കിട്ടിയ ഇൗയൊരു മണിക്കൂര്‍ ശരിക്കും പ്രയോജനപ്പെടുത്തണമെന്ന്. കുറച്ചുനാളുകളായി വായിക്കാന്‍ മാറ്റി വെച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം എൻ വിജയനെക്കുറിച്ചുള്ളൊരു ലേഖനം.അത് വായിച്ച് തീർന്നപ്പോഴേക്കുംവിശപ്പിന്റെ വിളി. ദോശയുണ്ടാക്കട്ടെ എന്ന് ചോദിച്ചപ്പോഴേക്കും ഇക്ക റെഡി കഴിക്കാന്‍ .പെട്ടെന്ന് ദോശയുണ്ടാക്കി ഫ്റിഡി്ജിൽ നിന്നും തലേദിവസത്തെ സാമ്പാറെടുത്ത് ചൂടാക്കി രണ്ടാളും കൂടി ദോശ അകത്താക്കിയപ്പോഴേക്കും വീണ്ടും പോകാൻ സമയമായി. ബസ്സ് പതുക്കെ പതുക്കെ പോയെങ്കിലും ഇടയ്ക്കിടെ കുറച്ച് നേരം നിറുത്തിയിടേണ്ടിവന്നു. കുറച്ച് നേരം ബസ്സിലിരുന്നുറങ്ങിയും, പിന്നെ ഇതെഴുതികുറേയാക്കിയും ഇവിടെയെത്തിയപ്പോൾ 9 മണിയാകാറായി.

ഇൗ രണ്ടു ദിവസങ്ങളിൽ കിട്ടിയ ഒാരോ മണിക്കൂര്‍ രണ്ടു വ്യത്യസ്ത രീതിയിലാണ് ഞാൻ ചെലവാക്കിയത്. അതങ്ങനെ തെരഞ്ഞെടുത്തതും ഞാന്‍ തന്നെയാണ്. പക്ഷേ ഞാനിന്നത്തെ ദിവസത്തെ കൂടുതലിഷ്ടപ്പെടുന്നു. നിങ്ങളോടിത് പങ്കിട്ടപ്പോൾ കൂടുതലുണർവ്വ് തോന്നുന്നു .ഇൗയുണർവ്വിൽ ഞാന്‍ കൂടുതല്‍ ഉൽസാഹത്തോടെ ഇവിടെ ഒാഫീസിലെ നഷ്ടപ്പെട്ട മണിക്കൂറുകൾ കൂടി വീണ്ടെടുക്കാൻ ശ്രമിയ്ക്കട്ടെ!

പ്രിയരേ സുപ്രഭാതം!

No comments:

Post a Comment