Wednesday, 12 March 2014

പ്രിയ രാക്ഷസന്‍

              
അന്ന് ഞങ്ങള്‍ മൂവര്സംഘം ആരുമറിയാതെ ആ മാവിന്‍ചുവട്ടിലെത്തി; വീട്ടുപറമ്പിന്‍റെ പടിഞ്ഞാറെയറ്റത്ത് നല്ല തലയെടുപ്പോടെ നില്‍ക്കുന്ന വലിയൊരു പ്രിയോര്‍ മാവാണത്. സ്കൂളില്‍ മലയാളം ക്ലാസ്സില്‍ ടീച്ചര്‍ രാക്ഷസനെ കുറിച്ച് പറയുമ്പോള്‍ എനിക്കീ മാവിനെയോര്‍മ്മ വരും. പക്ഷെ ഇതൊരു സ്നേഹമുള്ള രാക്ഷസനാണ്. വേനലവധിയായാല്‍ ഞങ്ങളും അയല്‍വീട്ടിലെ കുട്ടികളും കൂടി ഇതിന്റെ തണലില്‍ ഏറെനേരം കളിക്കും. ഇതിന്റെ കുറെ ശാഖകള്‍ വളരെ താഴ്ന്നിറങ്ങി വളരുന്നുണ്ടായിരുന്നു. ഞങ്ങള്‍ ചെറിയ കുട്ടികള്‍ അതിലിരുന്ന് കളിക്കുമ്പോള്‍ മനു ആ നീളന്‍കാലും വച്ച് മുകളിലേക്ക് വലിഞ്ഞ് കയറും. അവിടെ നിന്നും കുറച്ചൊരു ഗമയോടെ താഴെയിരിക്കുന്ന ഞങ്ങളെ നോക്കി നില്‍ക്കും; ഞങ്ങള്‍ കുട്ടികള്‍ വലിയോരാരാധനയോടെ മുകളിലേക്കും. തല്ല് കൂടാനും കൂട്ടുകൂടാനും കഞ്ഞിക്കുഞ്ഞി കളിക്കാനും മിക്കവാറും ഞങ്ങള്‍ ഒരുമിച്ചുണ്ടാകും. അതിനിടിയില്‍ കുറെ മാമ്പഴം,  ഞങ്ങള്‍ക്ക് വേണ്ടി കാറ്റ് കൊണ്ടുവരും. പിന്നെ അവിടെയൊരു മത്സരമാണ്. കിട്ടുന്നവര്‍ ഉടനെതന്നെ മാങ്ങ സ്വന്തം ഉടുപ്പില്‍ തന്നെവെച്ച് ഒന്നു തുടച്ചെന്ന് വരുത്തി കടിച്ച് തിന്നാന്‍ തുടങ്ങും. കിട്ടാത്തവര്‍ ചിലപ്പോള്‍ പിന്നാലെ നടന്ന് ചോദിക്കുമ്പോള്‍ കടിച്ചു തിന്നതിന്റെ ബാക്കി കൊടുക്കും. അല്ലെങ്കില്‍ അവര്‍ അടുത്ത കാറ്റ് വീശുന്നതും കാത്ത് കൊതിയോടെയിരിക്കും. കുറെനേരം കാത്ത് നിന്നീട്ടും കാറ്റ് കനിയുന്നില്ലെങ്കില്‍ പിന്നെ കല്ലേറാണ്. ചില കല്ലുകള്‍ ഉന്നം തെറ്റി മാങ്ങക്ക് പകരം ചിലരുടെ തലയില്‍ തന്നെ വന്ന് വീഴുമ്പോള്‍ ഒരു വലിയ തല്ലിനുള്ള തുടക്കമാകും. പിന്നെ അതൊരു കരച്ചിലിലെത്തുമ്പോഴേക്കും ബാക്കി കുട്ടികള്‍ ഇടപെടും. ഈ അലമ്പൊന്നും വീട്ടുകാരറിയില്ല. 




അച്ഛന്റെ കര്‍ശനമായ ഒരു കല്‍പ്പനയുണ്ട്, “മാവില്‍ കല്ലെറിയരുത്, മാങ്ങക്ക് വേണ്ടി കല്ലെറിഞ്ഞാല്‍ ഒരുപാട് മാമ്പൂവും കണ്ണി മാങ്ങയുമൊക്കെ കൂടെ പോരും. വെറുതെ നശിപ്പിക്കരുത്”. കല്ലെറിയില്ല എന്ന് വാക്ക് കൊടുത്തീട്ടാണ് വീട്ടില്‍ നിന്നും  ഞങ്ങള്‍ മൂന്നെണ്ണവും കൂടി ഇറങ്ങുന്നത്. പക്ഷെ മാവിന്‍ച്ചോട്ടിലെത്തിയാല്‍ ഞങ്ങളിതൊക്കെ മറക്കും. എല്ലാ വേനലവധിയ്ക്കും അയല്‍പക്കത്തെ കൂട്ടുകാരുമായി ചേര്‍ന്നു നല്ലൊരു കുഞ്ഞിപ്പുരയും ഉണ്ടാക്കും. ആ പുരയില്‍ ഓണവും ക്രിസ്തുമസ്സും പെരുന്നാളും ഒരുമിച്ചാഘോഷിക്കും. ആ രാക്ഷസമാവിന്റെ ചുറ്റും കുറെ തെങ്ങിന്‍ തൈകളുണ്ടായിരുന്നു. ഇടക്കെപ്പോഴെങ്കിലും അച്ഛന്‍ തെങ്ങിന്‍തൈയ്ക്കള്‍ നനക്കാന്‍ വന്നാലാണ് പ്രശ്നമാവുക. മാഞ്ചോട്ടിലെ വാടിക്കിടക്കുന്ന കണ്ണിമാങ്ങകളും മാമ്പൂക്കളും കണ്ടാല്‍ പിന്നെ ഒരു വടിയുമായിട്ടായിരിക്കും വീട്ടിലേക്കെത്തുക. ഞങ്ങളെ നിരത്തി നിര്‍ത്തി ചോദിക്കും,
“ആരാ മാവില്‍ കല്ലെറിഞ്ഞത്?” 
മനുവായിരിക്കുമെന്ന്‍ അച്ഛനറിയാം.പക്ഷെ അവന് സമ്മതിക്കില്ല. ആ വടി വെറുതെ പേടിപ്പിയ്ക്കാന്‍ എടുക്കുന്നതാണെന്നച്ചനെപ്പോലെ തന്നെ ഞങ്ങള്‍ക്കുമറിയാം. 
“രാത്രിയാകുമ്പോഴേയ്ക്കും കല്ലെറിഞ്ഞവര്‍ സത്യം പറയോന്നു നോക്കട്ടെ, ഇല്ലെങ്കില്‍ മൂന്നുപേരും എന്റെ കയ്യില്‍ നിന്നും മേടിക്കും”  അച്ഛന്‍ ഇങ്ങനെയൊക്കെ പറഞ്ഞാലും ഞങ്ങളാരും അപ്പോള്‍ ഒന്നും മിണ്ടുകയില്ല. പക്ഷെ രാത്രി ഉറങ്ങാന്‍  കിടക്കുമ്പോഴേക്കും അമ്മയോട് സത്യം ഞങ്ങളാരെങ്കിലും പറഞ്ഞിരിക്കും; അത് അച്ചനറിയാം.

അടുത്ത വേനലവധിയില്‍ മാഞ്ചുവട്ടിലേക്കുള്ള സവാരിക്ക് അച്ഛന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കാരണം കഴിഞ്ഞ വേനലവുധിയില്‍ മാവിലെ ഒരുയര്‍ന്ന കൊമ്പിലെ കിളിക്കൂട്ടിലെത്തിനോക്കാന്‍ പോയ മനു ഞങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കിളിക്കൂടും കയ്യിലെടുത്ത് താഴെക്കിറങ്ങുന്നതിനിടയില്‍, കാല് തെറ്റി “പൊതക്കോം” ഞങ്ങളുടെ നേരെ മുന്നില്‍ തന്നെ വീണു; കൂട്ടത്തില്‍ കിളിക്കൂടും. കിളിയുടെ മുട്ടകളും പൊട്ടി, ആശാന്റെ കാല്‍മുട്ടും പൊട്ടി. വലതു കയ്യാണെങ്കില്‍ അനക്കാന്‍ പറ്റുന്നില്ല. പേടിച്ച് കരഞ്ഞു വീട്ടില്‍ ചെന്നപ്പോള്‍ മാവിന്‍ മുകളില്‍ കയറിയ വിവരം മനപൂര്‍വം മറച്ചുപിടിച്ചു. കുറേ കഴിഞ്ഞപ്പോള്‍ കയ്യില്‍ നീരായി. ആശുപത്രിയിലെത്തിയപ്പോഴാണ് കൈക്കുഴ തെറ്റിയെന്ന്‍ മനസ്സിലായത്. വേദന സഹിച്ചീട്ടും മിണ്ടാതിരുന്നതാണ് മനു. പിന്നീട് ആ വേനലവധിയില്‍ ഞങ്ങളാ മാഞ്ചോട് കണ്ടീട്ടില്ല.

വക്കേഷന്‍ തുടങ്ങി കുറച്ചു ദിവസമായിട്ടും അല്ലറ ചില്ലറ കളികളുമായി ഉമ്മറത്തും മുറ്റത്തും കൂടി. പൂത്ത് തളിര്‍ത്ത് നിറയെ മാങ്ങകളുമായി കൂടുതല്‍ സുന്ദരിയായ മാവ് ഞങ്ങളെ മാടിവിളിക്കുന്നുണ്ടായിരുന്നു.. മാഞ്ചുവട് ഈ കൊല്ലവും കിട്ടാക്കനിയായല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഒരു സുവര്‍ണ്ണാവസരം കൈവന്നത്. വീട്ടില്‍ ഒരമ്മായിയെ ഞങ്ങള്‍ക്ക് കൂട്ടേല്‍പ്പിച്ച് അച്ഛനും അമ്മയും ഒരു ബന്ധുവീട്ടില്‍ വിവാഹ നിശ്ചയത്തിനു പോയി. ആ തക്കത്തില്‍ ഞങ്ങള്‍ പതുക്കെ മാഞ്ചുവട്ടിലെത്തി. എത്തേണ്ട താമസം മനു പതിവ് പോലെ നേരെ മാവിലേയ്ക്ക് കയറി മുകളില്‍ നിന്ന് വലിയ ഗമയോടെ ഞങ്ങളെ നോക്കി. പക്ഷെ ഞങ്ങള്‍ക്കപ്പോള്‍ പണ്ടത്തെപോലെ ആരാധനയൊന്നും തോന്നിയില്ല; പകരം അല്പം പേടിയായിരുന്നു. രണ്ട് മാമ്പഴവുമായാണ് മുകളില്‍ നിന്നും മനു ഇറങ്ങി വന്നത്. അതിലൊരെണ്ണം ഞങ്ങള്‍ക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു, 
“അതേയ്, നിങ്ങള്‍ രണ്ടു പേരും കൂടി ഒരു മാങ്ങ പങ്കിട്ടെടുത്തോ. ഇത് ഞാന്‍ തിന്നും”. 
അതെങ്ങനെ ശരിയാകും എന്നമട്ടില്‍ ഞാനും രാജുവും  മനുവിന്റെ നേരെ നോക്കിയപ്പോള്‍ ഉടനെ മറുപടി. 
“സംഗതി നമ്മള്‍ ഒരു ഗ്രൂപ്പൊക്കെയാണ്, ഒന്നിച്ചു നടക്കുന്നു, കളിക്കുന്നു, പക്ഷെ നിങ്ങളിങ്ങോട്ട് നോക്ക്യേ. എന്റെ ഈ നീളവും പൊക്കവുമൊക്കെ കണ്ടില്ലേ. നിങ്ങള്‍ വെറും ശിശുക്കള്‍. എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ട; എന്നാലും ഇങ്ങനെയുള്ള അവസരത്തില്‍ കുറച്ച് ബഹുമാനമൊക്കെ വേണം. പിന്നെ ഞാന്‍ ഏഴാം ക്ലാസ്സിലാ പഠിക്കുന്നെ? മാലുവോ അഞ്ചാം ക്ലാസ്സില്‍, രാജു വെറും രണ്ടാം ക്ലാസ്സില്‍.അഞ്ചും രണ്ടും കൂടി കൂട്ടിയാല്‍ ഏഴ്.” 
ഞങ്ങള്‍ ശിശുക്കള്‍ ഒന്നും മിണ്ടാതെ മാങ്ങ പങ്കിട്ടെടുത്തു. അത് വലിയൊരു യജ്ഞമായിരുന്നു. ഇതിനിടയില്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു വലിയ കയറുമെടുത്ത് മനു ഊഞ്ഞാലുണ്ടാക്കാന്‍ തുടങ്ങി. ഞങ്ങള്‍ കുറേനേരം അതിലിരുന്നാടിക്കളിച്ചുല്ലസിച്ചു. അമ്മായി ഉണ്ണാന്‍ വിളിച്ചപ്പോഴാണ് സമയം കുറെയായെന്നറിഞ്ഞത്. ഊഞ്ഞാല്‍ കണ്ടാല്‍ അച്ഛന് മനസ്സിലാകും ഞങ്ങള്‍ മാഞ്ചുവട്ടിലേക്ക് പോയെന്ന്. കണ്ടില്ലെങ്കിലോ? രണ്ടും കല്‍പ്പിച്ചു അതവിടെത്തന്നെ കിടക്കട്ടെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

പിറ്റേ ദിവസം അതിരാവിലെ എണീറ്റു. മാഞ്ചുവട്ടില്‍ ഞങ്ങളെ കാത്തുകിടക്കുന്ന ഊഞ്ഞാലയായിരുന്നു രാത്രിമുഴുവന്‍ മനസ്സില്‍. വീട്ടില്‍ അമ്മയെ സഹായിക്കാന്‍ വരാറുള്ള കാര്‍ത്തു ചേച്ചി അന്നെത്തിയില്ല. അടുക്കളയില്‍ അമ്മ നല്ല പണിത്തിരക്കിലായിരുന്ന സമയം നോക്കി ഞങ്ങള്‍ മൂവര്‍സംഘം മാഞ്ചുവട്ടിലെത്തി. മനു നേരെ മുകളിലെ കൊമ്പുകളിലേയ്ക്ക്‌ വലിഞ്ഞുകയറി. ഞാനും രാജുവും തലേന്ന് മാവില്‍ മനു കെട്ടിയ ഊഞ്ഞാലിലേയ്ക്കും. 
“മാലൂ, ഞാനാദ്യം ഊഞ്ഞാലാടും” രാജു ഓടി ഊഞ്ഞാലില്‍ക്കയറി. 
ഞാന്‍ പതുക്കെ ഊഞ്ഞാലാട്ടിക്കൊടുത്തു. അടുത്തതെന്റെ ഊഴമാണ്. രാജു എന്നെ ഊഞ്ഞാലാട്ടാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് നോക്കുമ്പോഴേക്കും മനു  കുറേകൂടി മുകളിലെ ഒരു കൊമ്പിലിരുന്നു മാങ്ങ പറിക്കുന്നത് കണ്ടു. ഇതിനിടയില്‍ ഞാനും രാജുവും കൂടി കശപിശയായി; അവനൂഞ്ഞാലാടണം. ഞാന്‍ കുറച്ച്കൂടി ആടിയിട്ട് തരാമെന്നും. അവന് പിന്നെ പതുക്കെ മാറി നിന്നു. ഞാന്‍ തന്നെ ഊഞ്ഞാലാടാന്‍ ശ്രമം തുടങ്ങി. ഇതിനിടയില്‍ അവന്‍ പിറകില്‍ കൂടി വന്ന് ഊഞ്ഞാല്‍ പെട്ടെന്ന് മുന്നോട്ടുന്തി. അപ്രതീക്ഷിതമായതിനാല്‍ പെട്ടെന്ന്പിടി വിട്ട് ഞാന്‍ നിലത്തു വീണു. എന്റെ വീഴ്ചയും  ഉറക്കെയുള്ള നിലവിളിയും കേട്ട് പരിഭ്രമിച്ചു മുകളിലെ കൊമ്പില്‍ നിന്നും ധൃതിയില്‍ താഴേയ്ക്കിറങ്ങിയ മനു കാല്‍ തെറ്റി നേരെ താഴോട്ട് വീണു. ഇതൊക്കെ കണ്ടു പരിഭ്രമിച്ച രാജു അമ്മയെ വിളിയ്ക്കാനായി വീട്ടിലേക്കോടി. പിന്നത്തെ പുകിലൊന്നും പറയേണ്ട. നെറ്റിയിലും കാലിലും മുറിവുകളുമായി ഒരാഴ്ച്ച തീരെ വയ്യാതായ ഞാനും, ഒരുമാസം പ്ലാസ്റ്ററിനകത്ത് ഒരു കാലും ഒരു കയ്യും ഇറക്കി വെച്ച് മനുവും കാഴ്ചക്കാരുടെ സഹതാപവും വീട്ടിലുള്ളവരുടെ ശകാരവുമേറ്റുവാങ്ങി വീട്ടിന്നകത്ത് തന്നെയിരിപ്പായി. ആ അവധിക്കാലം അങ്ങനെ വേദനയിലും സങ്കടത്തിലുമവസാനിച്ചു.

പിന്നീടുള്ള ദിവസങ്ങള്‍ ഒച്ചിന്റെ വേഗത്തിലിഴയുകയായിരുന്നു. ഒടുവില്‍ സ്കൂള്‍ തുറക്കുന്നത്തിന്റെ തലേദിവസം കുറച്ചാളുകള്‍ പറമ്പിന്റെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് വലിയ കയറും, വാളും കൊടാലിയുമൊക്കെയായി പോകുന്നത് കണ്ട് അമ്മയോട് ചോദിച്ചപ്പോഴാണറിയുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട രാക്ഷസന്‍റെ അന്ത്യം അടുത്തെന്ന്. ഞങ്ങള്‍ക്കൊന്നും മിണ്ടാന്‍ കെല്‍പ്പുണ്ടായിരുന്നില്ല, ധൈര്യവും. ആ കാപാലികന്മാര്‍ അതിന്റെ ഓരോ കൊമ്പും വെട്ടിയിടുമ്പോള്‍ മനസ്സ് വല്ലാതെ പിടഞ്ഞു.ഇരുള്‍ മുറ്റി നിന്ന മാവും പരിസരവും പതുക്കെ വെയിലിന് വഴിമാറിക്കൊടുത്തു. കൊമ്പുകളെല്ലാം വെട്ടിമാറ്റി ഒരു വലിയ തടി മാത്രമായിത്തീര്‍ന്ന മാവിന്റെ നേരെ നോക്കാന്‍ ശക്തിയുണ്ടായിരുന്നില്ല. പിന്നീട് കുറെ രാത്രികളില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയോര്മാവിനെയോര്ത്ത് ഞാന്‍ കുറെ കരഞ്ഞീട്ടുണ്ട്. അച്ഛനോട് പിണക്കം തോന്നിയ നാളുകള്‍. അത് കണ്ട അമ്മ പറഞ്ഞു, 
“അങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടൊന്നുമല്ല ആ മാവ് വെട്ടിക്കളഞ്ഞത്. മക്കള്‍ കണ്ടീട്ടില്ലേ, അതിന്റെ ചുറ്റിനും  പത്ത് പന്ത്രണ്ട് തൈതെങ്ങുകളുണ്ട്. അവയ്ക്കൊപ്പം വേറെ സ്ഥലത്ത് വെച്ചവയെല്ലാം ചൊട്ടയിട്ട് തുടങ്ങി. ആ മാവിന്റെ ഇണ്ടല്‍ ഉള്ളത് കൊണ്ട് ആ തൈകള്‍ മാത്രം വളരുന്നില്ല.”. 
കേട്ടപ്പോള്‍ എന്തെന്നില്ലാത്ത ദ്വേഷ്യം വന്നു.
“ഓ അതാണ്‌ കാരണം. അപ്പോളാമാവിനോട് നിങ്ങള്‍ക്കൊന്നും ഒരു സ്നേഹവുമില്ലായിരുന്നു അല്ലെ?” 
“അതൊക്കെയുണ്ടല്ലോ; പിന്നെ കൂടുതല്‍ സ്നേഹം ആ തെങ്ങുംതൈക്കളോടാ.” അമ്മയുടെ മറുപടി കേട്ടപ്പോള്‍ കരച്ചില്‍ വന്നു. കുറേകാലം നീറുന്നയൊരോര്‍മ്മയായി ചിലപ്പോഴൊരു കുളിര്‍മഴയായി എന്റെഓര്‍മ്മകളെ തൊട്ടുണര്‍ത്താറുണ്ട് ആ പ്രിയപ്പെട്ട പ്രിയോര്‍ മാവ്. ഞങ്ങളുടെ പ്രിയപ്പെട്ട രാക്ഷസന്‍.

                   ************************

27 comments:

  1. Very very nostalgic.keep going ajitha

    ReplyDelete
    Replies
    1. സന്തോഷം ഹര്ഷാ

      Delete
  2. ഭംഗി വാക്ക് പറഞ്ഞു ശീലമില്ലെനിക്ക് .
    ഒറ്റ ശ്വാസത്തില്‍ എഴുതി പോയത് കൊണ്ടാകാം വായനാസുഖം പോര എന്ന് തോന്നി .
    സംഭാഷണ പ്രയോഗങ്ങള്‍ കഥപറച്ചിലിനിടയില്‍ വരുന്നതിനീക്കാള്‍ നന്നാവുക അത് വേറെ വേറെ എഴുതുന്നതായിരിക്കും .
    മുസ്ലീം മാതാപിതാക്കളെ ,അച്ഛന്‍ ,അമ്മ ,എന്ന് വിളിക്കുന്ന ശീലം എവിടെയെങ്കിലും ഉണ്ടോന്നു അറിയില്ല .
    ഇനിയും എഴുതണം .
    നന്മകള്‍ നേരുന്നു

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
    Replies
    1. thanks നവാസ്. comments ശ്രദ്ധിക്കുന്നു.
      ആര് പറഞ്ഞു ഇതിലെ കഥാപാത്രങ്ങള്‍ മുസ്ലീം കഥാപാത്രങ്ങളാണെന്ന് ?. അല്ലല്ലോ

      Delete
    2. ഇത് അജിത്തയുടെ അനുഭവ കഥ എന്നാണു തോന്നിയത് ,വായിച്ചപ്പോള്‍ അജിത്തയുടെ വീക്ഷണത്തില്‍ നിന്നാണ് വായിച്ചതും അതാണ്‌ അങ്ങിനെ അഭിപ്രായ പെട്ടത് .

      Delete
    3. തന്നെ തന്നെ :) :)



      Delete
  4. ആഹാ.....മാമ്പഴക്കാലം കലക്കി!!! വായേല് അപ്പടി വെള്ളം!!!

    ReplyDelete
    Replies
    1. കപ്പലോടിക്കാന്‍ പറ്റോ ഷംസ് ? :) :)

      Delete
  5. സമാനമായ അനുഭവം എനിക്കും ഉണ്ട്
    അതിനെ കുറിച്ച് എഴുതിയിട്ടുമുണ്ട് ...
    ഈ മാമ്പഴക്കാലം നന്നായി
    ഇത് ഒരു തലമുറയുടെ നഷ്ടമായി തോന്നുന്നു

    ReplyDelete
    Replies
    1. ശരിയാണ്; വലിയ നഷ്ടം തന്നെയാണ്

      Delete
  6. പ്രിയരാക്ഷസൻ ഇഷ്ട്ടപ്പെട്ടു.
    ലേബൽ കൊടുക്കണമായിരുന്നു. കഥയോ ഓർമ്മയോ എന്ന് വായനക്കാർ എങ്ങനെ അറിയും?

    ReplyDelete
    Replies
    1. ഒരു കഥയാഎടുത്താല്‍ മതി കനകാ

      Delete
  7. പഴുത്ത് നിലത്ത് വീണ കപ്പായി മാങ്ങയുടെ കിളി കൊത്തിയ ഭാഗം കടിച്ചെടുത്ത് തുപ്പി കളഞ്ഞ ശേഷം ബാക്കി മുഴുവന്‍ തിന്നു കഴിഞ്ഞതിനു ശേഷം നാവു കൊണ്ട് ചിറി തുടക്കുന്ന ഒരു സുഖം ...

    ReplyDelete
    Replies
    1. ശരിക്കും തുടക്കണേ, അല്ലെങ്കില്‍ പാറ്റ നക്കും :)

      Delete
  8. ബാല്യകാല ഓര്‍മ്മകള്‍ ജോലിത്തിരക്കുകളുടെ ഇടയില്‍ ഓര്‍ക്കാറില്ലായിരുന്നു .പക്ഷെ ഈ അനുഭവ കുറിപ്പ് എന്നെ എന്‍റെ ബാല്യകാല ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പോയി .ജീവിതത്തെ കുറിച്ച് യാതൊരുവിധ വേവലാതികളും ആശങ്കകളും ജീവിത പ്രാരാബ്ദങ്ങളും ഇല്ലാത്ത ആ മനോഹര കാലം ഇനിയും തിരികെ ലഭിക്കുകയില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ നോവുന്നു .എന്‍റെ വീടിന്‍റെ ചുറ്റിലും ഏതാണ്ട് ഏഴു മാവുകള്‍ ഉണ്ടായിരുന്നു .അതില്‍ ഒരു മാവ് മലേഷ്യല്‍ നിന്നും വിത്ത്‌ കൊണ്ട് വന്ന് മുളപ്പിച്ചതാണ് .ആ മാവിന്‍റെ മാമ്പഴം നല്ല രുചിയാണ് ആ രുചിയുള്ള മാമ്പഴം കഴിഞ്ഞ ദിവസ്സം നാട്ടില്‍ നിന്നും മാതാവ് കൊടുത്തയച്ചിരുന്നു .എഴുത്ത് നീണ്ടു പോയെങ്കിലും വൈരസ്യം തോന്നിയില്ല . ആശംസകള്‍

    ReplyDelete
  9. കുട്ടിക്കാല ഒര്മകളെ ഉണര്ത്തുന്ന മനോഹരമായ കഥ .... വളരെ നന്നായിരിക്കുന്നു ഇനിയും
    ഒരു പാട് കഥകൾ പ്രതീക്ഷിക്കുന്നു ....
    എല്ലാ വിധ ആശംസകളും ...

    ReplyDelete
    Replies
    1. നന്ദി മജീദ്‌. ഇനിയും ശ്രമിക്കാം . ഇന്ഷാ Allah

      Delete
  10. ഗൃഹാതുരതയുണർത്തി.....

    ReplyDelete
    Replies
    1. എനിക്കറിയാമായിരുന്നു. നമ്മളെല്ലാവരും ഈ കുട്ടിക്കാലം കഴിഞ്ഞാണല്ലോ മുന്നോട്ട് പോയത്

      Delete
  11. ഇതുപോലെയൊക്കെയുള്ള അനുഭവങ്ങള്‍ നമ്മുടെ കുട്ടിക്കാല ഓര്‍മ്മകളില്‍ സജീമാണ്. ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് ഈ ചില്ലകളും കിളിക്കൂടും മാത്രമല്ല, ഉയരങ്ങളുടെ ആഴവും കൂടെയാണ്. ജീവിതം മുന്‍പോട്ടു പോകെ ധൈര്യപ്പെടുത്തുന്ന ഉള്ളുറപ്പ് നല്‍കുന്ന ജീവിതക്കാഴ്ച.

    നല്ല രസത്തില്‍ പറഞ്ഞു,
    തുടരുക... അഭിനന്ദനങ്ങള്‍/

    ReplyDelete
    Replies
    1. സന്തോഷമുണ്ട് നാമൂസ്

      Delete
  12. എല്ലാവരിലുമുണ്ട് ഗൃഹാതുരതയുണര്ത്തുന്ന ഒരു മാമ്പഴക്കാലം.അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി, സ്നേഹം !

    ReplyDelete
  13. വളരെ നല്ല പോസ്റ്റ്‌,, വായിക്കാൻ വൈകി പ്പോയി,,
    അജിത നന്നായി എഴുതുമെന്നു അറിഞ്ഞിരുന്നില്ല,,, really nostalgic,,,
    ഇത് പോലുള്ള എത്രയോ കാലങ്ങൾ പിന്നിട്ടാണ് നമ്മളൊക്കെ ഇവിടെ എത്തിയത്,,
    നമ്മുടെ കുട്ടികൾക്ക് ഇതൊന്നും കിട്ടിയില്ലല്ലോ,,
    ഇതൊക്കെ പറഞ്ഞാൽ അവർക്കും ബോറടിയും ഉണ്ട് :-)

    ReplyDelete
  14. വളരെ നന്നായിട്ടുണ്ട് അജിത.. അഭിനന്ദനങ്ങള്‍... കുട്ടിക്കാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് വളരെ നന്ദി...

    ReplyDelete
  15. അഭിപ്രായങ്ങളും അഭിനന്ദനങ്ങലും അറിയിച്ച എല്ലാ സൌഹൃദങ്ങള്‍ക്കും നന്ദി.

    ReplyDelete